100 കിലോ പഴകിയ മാംസം പിടികൂടി

Thursday 07 August 2025 12:53 AM IST

കൊല്ലം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 100 കിലോയോളം പഴകിയ മാംസം പിടികൂടി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പോളയത്തോട് ജംഗ്ഷന് സമീപത്തെ കെട്ടിടത്തിന് പിന്നിലെ മുറിയിൽ സൂക്ഷിച്ച പഴകിയ മാംസമാണ് പിടികൂടിയത്. സംസ്ഥാന വ്യാപകമായി ഷവർമ്മ വില്പന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. മാംസം പൂർണമായി നശിപ്പിക്കാൻ നിർദേശം നൽകി. രണ്ട് ദിവസമായി ജില്ലയിലെ 105 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 23 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. നാല് സ്ഥാപനങ്ങൾക്ക് എതിരെ കേസെടുത്തു. ജില്ലാ ഫുഡ് സേഫ്ടി നോഡൽ ഓഫീസർ എ.അനീഷ, ഇരവിപുരം സോൺ ഫുഡ് സേഫ്ടി ഓഫീസർ ധന്യ ശ്രീവത്സം, ഓഫീസ് സ്റ്റാഫ് എം.എ.സിനി, ഡ്രൈവർ ജയചന്ദ്രബോസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.