107 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ടാം പ്രതി പിടിയിൽ

Thursday 07 August 2025 12:54 AM IST

കൊല്ലം: കൊല്ലം നഗരത്തിൽ വച്ച് അഞ്ചര ലക്ഷം രൂപ വിലവരുന്ന 107 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ടാം പ്രതിയെ ബംഗളൂരുവിൽ നിന്ന് കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. ഇരവിപുരം ഉദയതാര നഗർ 98 സാബു നിവാസിൽ സക്കീർ ഹുസൈനാണ് (33) ബംഗളൂരുവിലെ സൈബർസിറ്റി എന്ന സ്ഥലത്തുള്ള രഹസ്യ കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടിയിലായത്.

കഴിഞ്ഞ 9നാണ് തട്ടാമല വടക്കേ അറ്റത്ത് വടക്കതിൽ വീട്ടിൽ അജിംഷാക്ക് (32) മലദ്വാരത്തിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി സിറ്റി പൊലീസ് പിടികൂടിയത്. രണ്ട് ഗർഭ നിരോധന ഉറകളിലായി പ്രത്യേകം പ്രത്യേകം പായ്ക്കറ്റുകളിലായാണ് എം.ഡി.എം.എ നിറച്ചിരുന്നത്. ഒന്നാമത്തെ പായ്ക്കറ്റിൽ 62 ഗ്രാമും രണ്ടാമത്തെ പായ്ക്കറ്റിൽ 55 ഗ്രാമുമാണ് ഒളിപ്പിച്ചത്. ഈ മാർഗം പറഞ്ഞുകൊടുത്തതും സഹായിച്ചതും സക്കീർ ഹുസൈനാണെന്ന് അജിംക്ഷാക്ക് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് അജിംക്ഷാക്കുമായി പൊലീസ് ബംഗളൂരുവിൽ എത്തുകയായിരുന്നു. സൈബർ സിറ്റി എന്ന സ്ഥലത്ത് ബൈക് ടാക്സി ഓടിക്കുകയായിരുന്ന സക്കീർ ഹുസൈൻ. കൊല്ലത്ത് അജിംക്ഷാക്ക് പിടിയിലായതറിഞ്ഞ് ശാന്തിപ്പുര എന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുകയായിരുന്നു. സൈബർ സിറ്റി പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്ക് ലഹരി കടത്ത് ഉൾപ്പടെ അഞ്ച് ക്രിമിനൽ കേസുകളുണ്ട്. ബംഗളൂരുവിൽ നിന്ന് കൊല്ലത്ത് എത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലം ഈസ്റ്റ് എസ്.ഐ വിപിൻ, എസ്.സി.പിഒമാരായ അജയ് കുമാർ, രാഹുൽ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.