അനീഷ് നമ്പൂതിരി ആറ്റുകാൽ മേൽശാന്തി

Thursday 07 August 2025 2:25 AM IST

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി കൊല്ലം മയ്യനാട് വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ക്ഷേത്രം തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മേൽശാന്തി നിയമനത്തിനുള്ള നറുക്കെടുപ്പ്. വൈകിട്ട് അവരോധിക്കൽ ചടങ്ങ് നടന്നു. ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) അനീഷ് മേൽശാന്തിയായി ചുമതലയേൽക്കും.

ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ മുൻ മേൽശാന്തിയായിരുന്നു അനീഷ് നമ്പൂതിരി. നിലവിൽ മയ്യനാട് വലിയതോട്ടത്തുകാവ് മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ജന്മംകുളം ഭഗവതി ക്ഷേത്രം, പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോയമ്പത്തൂർ സംഗനൂർ അയ്യപ്പസ്വാമി ക്ഷേത്രം, മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും മേൽശാന്തിയായിരുന്നു. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ ശ്രീവിദ്യയാണ് ഭാര്യ. മകൻ: പത്താം ക്ലാസ് വിദ്യാർത്ഥി അഭിഷേക്.