എൽസ-3: നഷ്ടപരിഹാരത്തുക കുറയ്ക്കണമെന്ന് കപ്പൽ കമ്പനി
കൊച്ചി: എം.എസ്.സി എൽസ-3 കപ്പൽ മുങ്ങിയതിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9531 കോടിയുടെ നഷ്ടപരിഹാരം യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് കപ്പൽ കമ്പനി ഹൈക്കോടതിയിൽ. സംഭവത്തിൽ കേരളത്തിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും സ്വിറ്റ്സർലൻഡ് ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ പ്രതിനിധി ജേക്കബ് ജോർജ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. അപകടം കേരളത്തിന്റെ സമുദ്രാതിർത്തിയിൽ ഗുരുതര പരിസ്ഥിതിനാശമുണ്ടാക്കിയിട്ടില്ല. നഷ്ടപരിഹാരം നൽകും വരെ കമ്പനിയുടെ കപ്പൽ, അറസ്റ്റ് ചെയ്തിടാനുള്ള ഉത്തരവ് അധികാരപരിധി ലംഘിച്ചുള്ളതാണ്. ബാധകമായ നിയമങ്ങൾ പ്രകാരം 12.27 കോടിയുടെ നഷ്ടപരിഹാരം മാത്രമേ നൽകേണ്ടതുള്ളൂ.
മുങ്ങിയ കപ്പലിന്റെയും വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്തിട്ടിരിക്കുന്ന എം.എസ്.സി അക്കിറ്റേറ്റ 2 യുടെയും ഉടമ ഒന്നല്ല. അറസ്റ്റ് ഉത്തരവ് നീക്കംചെയ്യണം.
തീരത്തു നിന്ന് 14.5 നോട്ടിക്കൽ മൈലിന് പുറത്തായതിനാൽ കേന്ദ്ര സർക്കാരിനു മാത്രമേ അഡ്‌മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യാൻ അധികാരമുളളൂവെന്നും കമ്പനി പറയുന്നു. മറുപടി ഫയൽ ചെയ്യാൻ സർക്കാർ സമയം തേടിയതിനാൽ ജസ്റ്റിസ് എസ്.ഈശ്വരൻ ഹർജി 21 ലേക്ക് മാറ്റി.
അതിനിടെ എം.എസ്.സി എൽസ 3 കപ്പലിന്റെ രജിസ്റ്റേഡ് ഉടമസ്ഥരായ എൽസ 3 മാരിടൈം ഐ.എൻ.സി ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ചെയ്തു. ബാദ്ധ്യത മാരിടൈം നിയമപ്രകാരം പരിമിതപ്പെടുത്തണമെന്നാണ് ഇതിൽ ആവശ്യപ്പെടുന്നത്.