വിദ്യാർത്ഥിനിക്ക് മർദ്ദനം; പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെ കേസ്

Thursday 07 August 2025 2:51 AM IST

ചാരുംമൂട് : നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദ്ദിച്ച പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസർ, രണ്ടാം ഭാര്യ ഷെഫിന എന്നിവർക്കെതിരെയാണ് നൂറനാട് പൊലീസ് കേസെടുത്തത്.

ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയപ്പോൾ മുഖത്തുൾപ്പെടെ മർദ്ദനമേറ്റതിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ വിവരം അന്വഷിച്ചപ്പോഴാണ് ക്രൂര മർദ്ദനത്തെപ്പറ്റി വിവരിച്ചത്. കുട്ടി നേരിട്ട പ്രയാസങ്ങളും വിവരങ്ങളും മർദ്ദനവും രേഖപ്പെടുത്തിയ മൂന്നു പേജുള്ള കത്തും ലഭിച്ചു. തുടർന്ന് അദ്ധ്യാപകർ മാതാപിതാക്കളെ വിളിച്ചെങ്കിലും എത്തിയില്ല. പിന്നീട് മുത്തശ്ശനെയും മുത്തശ്ശിയെയും സ്കൂളിലേക്ക് വരുത്തുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. അദ്ധ്യാപകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് കുട്ടിക്ക് ചികിത്സ നൽകാൻ നിർദ്ദേശിച്ചു. പെൺകുട്ടിയെ പ്രസവിച്ച് ദിവസം കഴിഞ്ഞപ്പോൾ മാതാവ് മരണപ്പെട്ടിരുന്നു. ഒരു മാസം മുമ്പും രണ്ടാനമ്മ ക്രൂരമായി മർദ്ദിച്ചിരുന്നതായി കുട്ടി പറഞ്ഞു.