2.5 കോടിയുടെ തിമിംഗില ഛർദ്ദി : വില്പന പൊളിച്ച് പൊലീസ്

Thursday 07 August 2025 2:52 AM IST

കൊച്ചി: കൊച്ചിയിൽ തിമിംഗില ഛർദ്ദി (ആംബർഗ്രീസ് ) വിൽക്കാനുള്ള ശ്രമം പൊളിച്ച് പൊലീസ്. സംഭവത്തിൽ രണ്ട് യുവാക്കളെ ഡാൻസാഫ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ടര കോടി രൂപ വിലമതിക്കുന്ന 1.35 കിലോഗ്രാം ആംബർഗ്രീസ് പിടിച്ചെടുത്തു. ഫോർട്ടുകൊച്ചി സ്വദേശി മുഹമ്മദ് സുഹൈൽ (20), ലക്ഷദ്വീപ് കൽപ്പേനി സ്വദേശി സുഹൈൽ സഹീർ (21) എന്നിവരാണ് പിടിയിലായത്.

രണ്ട് ദിവസത്തെ രഹസ്യ നീക്കത്തിനൊടുവിൽ ഇന്നലെ പുലർച്ചയോടെയാണ് പ്രതികളെ പിടികൂടിയത്. ഫോർട്ടുകൊച്ചിയിലെ ഒരു ബേക്കറി ജീവനക്കാരനായ കൽപ്പേനി സ്വദേശി സുഹൈൽ, നാട്ടുകാരൻ നൽകിയ തിമിംഗില ഛർദ്ദി രഹസ്യമായി കേരളത്തിലെത്തിച്ച് കൂട്ടുപ്രതിയായ മുഹമ്മദ് സുഹൈലുമായി ചേർന്ന് വിൽക്കാൻ പദ്ധതിയിടുകയായിരുന്നു.

ഡാൻസാഫ് സി.ഐ. ജിമ്മി ജോസ്, എസ്.ഐ. മിഥുൻ അശോക്, സി.പി.ഒ.മാരായ എഡ്വിൻ റോസ്, സുനിൽകുമാർ, ബേബിലാൽ, ശരത്ത്, ഉമേഷ് ഉദയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 വ്യാജ അക്കൗണ്ടിലൂടെ കച്ചവടം

ഒരു വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി അതിൽ വില്പനയ്ക്കായി പോസ്റ്റ് ചെയ്തു. ഈ പേജ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. വ്യാജ അക്കൗണ്ടിലൂടെ പ്രതികളുമായി ബന്ധപ്പെട്ട പൊലീസ്, ഒരു കിലോഗ്രാം തിമിംഗില ഛർദ്ദിക്ക് 35 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. വിലപേശലിനൊടുവിൽ ഇത് 25 ലക്ഷം രൂപയിൽ ഉറപ്പിച്ചു. ഈ വിവരങ്ങൾ സൈബർ പൊലീസ് ഡാൻസാഫിന് കൈമാറി. ചൊവ്വാഴ്ച ഫോർട്ടുകൊച്ചി റോറോ ജെട്ടിക്ക് സമീപം 35 ഗ്രാം സാമ്പിളുമായി എത്തിയ മുഹമ്മദ് സുഹൈലിനെ കസ്റ്റമറെന്ന വ്യാജേനയെത്തിയ പൊലീസ് പിടികൂടി.

 ബലം പ്രയോഗിച്ച് അറസ്റ്റ്

സാമ്പിൾ പരിശോധിച്ച ശേഷം ഇടപാട് ഉറപ്പിക്കാമെന്ന് പൊലീസ് അറിയിച്ചു. വൈകിട്ട് തിരിച്ചെത്തി പണം നേരിൽ കാണണമെന്ന് പ്രതി ആവശ്യപ്പെട്ടപ്പോൾ, ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പുലർച്ചെ താമസ്ഥലത്ത് നിന്ന് കൽപ്പേനി സ്വദേശിയെയും പൊലീസ് പിടികൂടി. തിമിംഗില ഛർദ്ദി കൈമാറിയ കൽപ്പേനി സ്വദേശിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.