തൊഴിലാളികളുടെ ബോണസ് ഓണത്തിന് മുമ്പ്
തിരുവനന്തപുരം: വിവിധ മേഖലകളിലുള്ള തൊഴിലാളികൾക്ക് ഓണക്കാലത്തെ ബോണസും മറ്റ് ആനുകൂല്യങ്ങളും ഓണത്തിനുമുമ്പ് വിതരണം ചെയ്യും. മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസിനുള്ള മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.
കയർ, കശുവണ്ടി മേഖലകളിലെ തൊഴിലാളികൾക്കുള്ള ബോണസ് നിശ്ചയിക്കുന്നതിനായി അതത് വ്യവസായസമിതികളുടെ യോഗം അടിയന്തരമായി വിളിച്ചുചേർക്കാൻ ലേബർകമ്മിഷണർക്ക് നിർദ്ദേശം നൽകി.ബോണസ് ആക്ട് ബാധകമായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അർഹമായ ബോണസ് ലഭിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.
പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള എക്സ് ഗ്രേഷ്യാ, പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ട് സ്‌കീം വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള ഫയലുകൾ ധനകാര്യ വകുപ്പിന് കൈമാറി.