ക്യാരറ്റ്,​ ബീറ്റ്റൂട്ട് ടൂട്ടി ഫ്രൂട്ടിയും മധുരക്കിഴങ്ങ് കുൾഫിയുമായി കുടുംബശ്രീ

Thursday 07 August 2025 3:02 AM IST

തിരുവനന്തപുരം: കുട്ടികളെ പാട്ടിലാക്കാൻ ക്യാരറ്റ്,​ ബീറ്റ്റൂട്ട് നിറത്തിൽ ടൂട്ടി ഫ്രൂട്ടിയും മധുരക്കിഴങ്ങ് കുൾഫിയും ജെല്ലിയുമായി കുടുംബശ്രീ. കൃത്രിമനിറങ്ങളുടെ ഭീഷണിയില്ലാതെ ഇനി കുട്ടികൾക്ക് പലഹാരങ്ങളും മിഠായികളും നൽകാം.പോഷകഗുണങ്ങളും ഉറപ്പാക്കാം. ബേക്കറി ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന പലനിറങ്ങളിലുള്ള ടൂട്ടിഫ്രൂട്ടി പപ്പായയിൽ നിന്നാണ് നിർമ്മിക്കുന്നത്. പിന്നീട് കൃത്രിമനിറങ്ങൾ ചേർത്ത് വർണാഭമാക്കും. പലതും ഫുഡ് സേഫ്ടി മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തതുമാണ്.ഇവ കുട്ടികളിൽ അലർജി മുതൽ ഹൈപ്പർ ആക്ടിവിറ്റിക്ക് വരെ കാരണമാവും. പപ്പായയ്ക്കൊപ്പം ക്യാരറ്റ്,​ ബീറ്റ്റൂട്ട് എന്നിവയിൽനിന്ന് കുടുംബശ്രീ ടൂട്ടിഫ്രൂട്ടി തയാറാക്കും.

ബീറ്റ്റൂട്ട് സത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന പിങ്ക്,​ കടുംചുവപ്പ് തുടങ്ങിയ നിറങ്ങൾ ചേർത്ത മിഠായികൾ,​ ബേക്കറിപലഹാരങ്ങൾ,​ പാനീയങ്ങൾ എന്നിവ അപകടരഹിതവും ആന്റിഓക്സിഡന്റുകളാൽ സമ്പന്നവുമാണ്.

ഭക്ഷ്യവസ്തുക്കളെ മനോഹരമാക്കുന്ന നിറങ്ങൾ വേർതിരിച്ചെടുക്കുന്ന 180 ടെക്നോളജികൾ ദേശീയ കാർഷിക - വ്യാവസായിക ഗവേഷണ സ്ഥാപനങ്ങളിൽനിന്ന് കുടുബശ്രീ സ്വന്തമാക്കിയിട്ടുണ്ട്. അംഗങ്ങളായ വനിതകൾക്ക് ഇവ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാൻ പരിശീലനം നൽകും. ആരോഗ്യകരമായ ഭക്ഷ്യസംസ്കാരമാണ് ലക്ഷ്യമെന്നും സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ.എസ്.ഷാനവാസ് പറഞ്ഞു.

നിറംചേർക്കാൻ മധുരക്കിഴങ്ങും

കുട്ടികൾക്ക് പ്രിയപ്പെട്ട ഗമ്മീസ്,​ കുൾഫി,​ ജെല്ലികൾ എന്നിവയിലെ അംഗീകാരമില്ലാത്ത നിറങ്ങളും അപകടകാരികളാണ്. കൃത്രിമനിറങ്ങൾ ഒഴിവാക്കാൻ പർപ്പിൾ,​ ഓറഞ്ച് നിറങ്ങളിലുള്ള മധുരക്കിഴങ്ങാണ് കുടുംബശ്രീ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്നത്. അന്തോസിയാനിൻ,​ ബീറ്റാകരോട്ടിൻ എന്നിവയുടെ കലവറയായ മധുരക്കിഴങ്ങിൽ നിന്നെടുക്കുന്ന നിറങ്ങൾ കുട്ടികളുടെ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും, കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ആന്റിഓക്സിഡന്റുകളുടെ ഗുണങ്ങൾ നൽകുകയും ചെയ്യും.