ശതാഭിഷിക്തയായി മണ്ണാറശാല വലിയമ്മ

Thursday 07 August 2025 3:10 AM IST

ഹരിപ്പാട്: മണ്ണാറശാലയിലെ പുരാതനമായ നിലവറത്തളത്തിൽ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ശതാഭിഷേക ചടങ്ങുകൾ നടന്നു. പുലർച്ചെ ഗണപതി ഹോമത്തോടെയായിരുന്നു തുടക്കം. പിന്നാലെ മൃത്യുഞ്ജയഹോമം, വിഷ്ണുപൂജ, ശതാഭിഷേക കലശപൂജ തുടങ്ങിയവ നടന്നു.

ഇല്ലത്തിന്റെ തെക്കേമുറ്റത്ത് പശുവിനെയും കിടാവിനെയും നിറുത്തി സാവിത്രി അന്തർജനത്തിന്റെ മൂത്തമകൻ വാസുദേവൻ നമ്പൂതിരി ഗോപൂജ നടത്തി. വൈദികശ്രേഷ്ഠൻ ശ്രീധരൻ നമ്പൂതിരിക്ക് പശുവിനെയും കിടാവിനെയും ദാനംചെയ്തു. കലശാഭിഷേകത്തിന് തന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ശേഷം കുടുംബാംഗങ്ങൾ വലിയമ്മയ്ക്ക് ദക്ഷിണനൽകി നമസ്‌കരിച്ചു. വലിയമ്മ ഇല്ലത്തിന്റെ തെക്കേവാതിലിൽ ഭക്തർക്ക് ദർശനം നൽകി. മണ്ണാറശാല ക്ഷേത്രത്തിലും വിശേഷാൽ ചടങ്ങുകളുണ്ടായിരുന്നു.

രാവിലെ വിശേഷാൽ നിവേദ്യത്തോടെ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി പൂജകൾ നടത്തി. ചതുശ്ശത നിവേദ്യത്തോടെയായിരുന്നു ഉച്ചപൂജ. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ പന്തലിൽ പിറന്നാൾ സദ്യയൊരുക്കി. വൈകുന്നേരം വരെ നീണ്ട സദ്യയിൽ ആയിരക്കണക്കിന് ഭക്തർ പങ്കാളികളായി. കളക്ടർ അലക്സ് വർഗീസ്, മന്ത്രി പി.പ്രസാദ്, സിനിമാതാരങ്ങളായ ദേവൻ, അനുശ്രീ ഉൾപ്പെടെ നിരവധി പ്രമുഖർ ക്ഷേത്രത്തിലെത്തി.