'പിന്നിൽ ഗൂഢലക്ഷ്യങ്ങൾ'; അശ്ലീല ചിത്രങ്ങളിലൂടെ പണം സമ്പാദിച്ചെന്ന കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ശ്വേതാ മേനോൻ
കൊച്ചി: അശ്ലീല ചിത്രങ്ങളിലൂടെ പണം സമ്പാദിച്ചെന്ന കേസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നടി ശ്വേതാ മേനോൻ. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും താരം പ്രതികരിച്ചു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെ വന്ന കേസിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് ശ്വേതയുടെ പ്രതികരണം. ഇന്നലെയാണ് നടിക്കെതിരെയുളള കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.
എറണാകുളം സെൻട്രൽ പൊലീസാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി നൽകിയ പരാതിയിൽ എറണാകുളം സി.ജെ.എം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. സിനിമയിലും പരസ്യങ്ങളിലും മറ്റും നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചു, സമൂഹമാദ്ധ്യമങ്ങളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി എന്നിങ്ങനെ നീളുന്നതാണ് ആരോപണങ്ങൾ.
കഴിഞ്ഞ മാസം 31നാണ് മാർട്ടിൻ മേനാച്ചേരി നടിക്കെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ പരാതി നല്‍കിയത്. നടിക്കെതിരേ പൊലീസില്‍ നേരത്തേ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അതിനാലാണ് നടപടിക്കായി കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് കോടതി പരാതിയില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ലോകത്തെ ഏറ്റവും സെക്‌സിയായ സ്ത്രീ താനാണെന്നാണ് നടി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
അശ്ലീലസൈറ്റുകളിലെ വീഡിയോകളിലൂടെ കോടിക്കണക്കിന് രൂപയാണ് ശ്വേത സമ്പാദിക്കുന്നത്. നടിയുടെ സഹായത്തോടെ സെക്‌സ്-മയക്കുമരുന്ന് മാഫിയയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നടിയുടെ ഇത്തരം അശ്ലീലവീഡിയോകള്‍ താന്‍ കാണാന്‍ ഇടയായത് ഹൈക്കോടതി പരിസരത്തുവച്ചാണെന്നും പരാതിക്കാരന്റെ ഹർജിയിലുണ്ട്.