'ഒമാൻ ടൂറിസം വേറെ ലെവൽ!!' ബസ് യാത്രയ്ക്ക് സഞ്ചാരികൾക്കൊപ്പം ഒട്ടകവും, മരുഭൂമിയിലെ സ്വപ്നയാത്ര

Thursday 07 August 2025 11:22 AM IST

മസ്കറ്റ്: അസാധാരണമായ കാര്യങ്ങൾ ചെയ്യുന്ന മൃഗങ്ങളുടെ ചിത്രങ്ങളും വീ‌ഡിയോകളും പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു ഒട്ടകവും ആ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ബസിനകത്ത് കയറുന്ന ഒരു ഒട്ടകത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും അത്തരമൊരു സംഭവം നടന്നതിന്റെ രസകരമായ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ഒമാനിൽ നിന്നുള്ള ഒരു ബസിലെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ മനം കവർന്നത്.

ദോഫാറിലേക്ക് പോകുന്നതിനായി നിർത്തിയിട്ട മുവാസലാത്ത് ബസിൽ കയറാൻ ശ്രമിക്കുന്ന ഒട്ടകത്തെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒട്ടകം ബസിനകത്തേക്ക് കയറാൻ ശ്രമിക്കുന്നതും യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കൗതുകം നിറഞ്ഞ മുഖ ഭാവവുമായി ബസിനകത്തേക്ക് കയറിയ ഒട്ടകത്തെ കണ്ട യാത്രക്കാർക്ക് ചിരി അടക്കാനായില്ല.

ഒമാനിലെ ഔദ്യോഗിക ബസ് ഗതാഗത സേവനമായ മുവാസലാത്താണ് അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ വൈറൽ വീഡിയോ പങ്കിട്ടത്. "ഒട്ടകം പോലും ദോഫാറിലേക്ക് പോകാൻ ആഗ്രഹിക്കുന്നു" എന്ന രസകരമായ അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ഒട്ടകങ്ങളും നഗരങ്ങളിലേക്ക് യാത്ര പോകാൻ ഇഷ്ടപ്പെടുന്ന രീതിയിൽ ദോഫാറിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ മുവാസലാത്ത് ഈ രസകരമായ സംഭവത്തെ ഉദാഹരണമായി ഉപയോഗിച്ചു.

വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്തളിൽ നിന്ന് ആയിരക്കണക്കിന് അഭിപ്രായങ്ങളാണ് എത്തിയത്. ഒട്ടകത്തിന് ടിക്കറ്റ് നൽകുന്നതിനെക്കുറിച്ച് പലരും രസകരമായ തമാശകൾ പങ്കുവച്ചു. ബസിനുള്ളിൽ ഒട്ടകം കുറച്ച് തണുത്ത ശുദ്ധ വായു ശ്വസിക്കാൻ കയറിയതാണെന്ന് പലരും കുറിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ദോഫറിലെ പ്രശസ്തമായ ഖരീഫ് സീസണായിരിക്കാം ഒട്ടകത്തെ അങ്ങോട്ടേക്ക് യാത്ര ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ചിലർ അഭിപ്രായപ്പെട്ടു.

മൂടൽമഞ്ഞുള്ള കാലാവസ്ഥയ്ക്കും പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ട ഖരീഫ് സീസൺ ഒമാനിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഈ സമയത്ത് പലയിടങ്ങളിൽ നിന്നും ഒട്ടേറെ വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.