'അഭിനയിച്ചത് രാജ്യത്ത് സെൻസർ ചെയ്‌ത ചിത്രങ്ങളിൽ, പുരസ്‌കാരങ്ങളും ലഭിച്ചു'; അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ശ്വേത
കൊച്ചി: തനിക്കെതിരെയുള്ള കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി.
തനിക്കെതിരായ നടപടി വസ്‌തുതകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ ശ്വേത പറയുന്നത്. രാജ്യത്ത് സെൻസർ ചെയ്‌ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്‌തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇന്ന് തന്നെ ഹർജി പരിഗണിക്കുമെന്നാണ് വിവരം.
സിനിമയിലെ അശ്ലീലരംഗങ്ങളിൽ സാമ്പത്തിക ലാഭത്തിനായി അഭിനയിച്ചു എന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെ പേരിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.