കൊച്ചിയിൽ യുവാവ് മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടി; നില അതീവ ഗുരുതരം
കൊച്ചി: മെട്രോ ട്രാക്കിൽ നിന്ന് യുവാവ് റോഡിലേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാർ (32) ആണ് ചാടിയത്. ഇതിന് പിന്നാലെ തൃപ്പൂണിത്തുറയ്‌ക്കും കടവന്ത്രയ്‌ക്കും ഇടയിലെ മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവച്ചു.
വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ നിന്ന് നിസാർ ടിക്കറ്റെടുത്തു. ശേഷം ആലുവ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾ നിർത്തുന്ന ഭാഗത്ത് അൽപ്പസമയം നിന്നശേഷം ഇയാൾ ട്രാക്കിലേക്ക് ചാടി. ഇതുകണ്ട് ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ നിന്നില്ല. ഉടൻ തന്നെ ട്രാക്കിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ ജീവനക്കാർ ഓഫ് ചെയ്‌തു. ട്രാക്കിലൂടെ ഓടിയ നിസാർ പില്ലർ നമ്പർ 1013ന് അടുത്തെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
ഈ സമയം ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പിന്തിരിപ്പിക്കാൻ മെട്രോ ജീവനക്കാരും പൊലീസും ഉൾപ്പെടെ ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാൾ ചാടുകയാണെങ്കിൽ രക്ഷിക്കാനായി ഫയർഫോഴ്‌സ് വലയും വിരിച്ചിരുന്നു. എന്നാൽ, വലയിൽ വീഴാതിരിക്കാനായി ഇയാൾ കൈവരിയിൽ പിടിച്ച് നടന്നശേഷം മറ്റൊരു സ്ഥലത്തേക്ക് ചാടുകയായിരുന്നു.
റോഡിൽ ആദ്യം കൈ കുത്തി വീണ നിസാറിന്റെ തല പിന്നീട് റോഡിലിടിച്ചുവെന്നാണ് കണ്ടുനിന്നവർ പറഞ്ഞത്. ഉടൻ തന്നെ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും കൊണ്ടുപോയി. നിസാറിന്റെ നില അതീവ ഗുരുതരമാണ്. മലപ്പുറം സ്വദേശിയായ ഇയാൾ എന്തിനാണ് എറണാകുളത്തേക്ക് എത്തിയതെന്ന കാര്യവും വ്യക്തമല്ല.