വില 10 രൂപ ഉയർന്നു കരിക്കിനും നല്ല ഗമ !

Friday 08 August 2025 12:59 AM IST

കൊച്ചി: ചേട്ടൻ 'തേങ്ങ', വിലയിൽ കുതിക്കുമ്പോൾ 'അനിയൻ' കരിക്കിന് വിട്ടുകൊടുക്കാനാകില്ലല്ലോ. ഒറ്റയടിക്ക് കൂട്ടി 10രൂപ. അതും ലഭ്യത ഉയരുകയും വില്പന കൂപ്പുകുത്തുകയും ചെയ്യുന്ന മൺസൂണിൽ ! കൊച്ചി നഗരത്തിൽ ഒരു കരിക്കിന് 60 രൂപ കൊടുക്കണം. നാടനെങ്കിൽ 80 വരെയാകും. നാളികേരത്തിന് വില ഉയർന്ന് നിൽക്കുന്നതിനാൽ കരിക്ക് വെട്ടിവിൽക്കാൻ തോപ്പുടമകൾ തയ്യാറാകുന്നില്ല.

പാലക്കാട്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് കൊച്ചിയിലേക്ക് കരിക്കെത്തുന്നത്. നേരത്തെ മൊത്തക്കച്ചവടക്കാർ ഒരു കരിക്ക് 20-27 രൂപയ്ക്ക് വാങ്ങിയിരുന്നെങ്കിൽ, ഇപ്പോൾ 40 രൂപ വരെ നൽകേണ്ടിവരുന്നു. തേങ്ങയുടെ വില കൂടിയതോടെ ഉടമകൾ കരിക്ക് പൂർണമായി മൂത്ത് നാളികേരമാകാൻ കാത്തിരിക്കുകയാണെന്ന് ചമ്പക്കര സ്വദേശി ജെൻസൺ പറയുന്നു. ഇത് കരിക്കിന്റെ ലഭ്യത കുറയ്ക്കുന്നു.

ലോറിയിൽ കൊണ്ടുവരുന്നതിനുള്ള ചെലവ് ഉൾപ്പെടെ 50 രൂപയിൽ താഴെ വിലയ്ക്കാണ് വഴിയോര കച്ചവടക്കാർക്ക് കരിക്ക് ലഭിക്കുന്നത്. ഇതിൽ നിന്ന് 10-12 രൂപ മാത്രമാണ് അവർക്ക് ലാഭം. ലഭ്യത കുറഞ്ഞത് ചെറുകിട കച്ചവടക്കാർക്കും തിരിച്ചടിയായി. ഇപ്പോൾ ലഭിക്കുന്ന കരിക്കിന് വെള്ളവും കാമ്പും കുറവായതിനാൽ ആവശ്യക്കാർ കുറവാണെന്ന് 40 വർഷമായി കരിക്ക് കച്ചവടം ചെയ്യുന്ന കണ്ണൻ പറയുന്നു.

വില്പനയിൽ വൻ കുറവ് മുമ്പ് ദിവസവും ഒരു ലോഡ് കരിക്ക് കൊച്ചി നഗരത്തിൽ വിറ്റഴിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് വില്പന. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും കരിക്ക് കിട്ടാനില്ലാത്തതാണ് കുറവിന് കാരണം. സ്ഥിതി തുടർന്നാൽ വില ഇനിയും വർദ്ധിക്കുമെന്ന് കച്ചവടക്കാർ പറയുന്നു.

 കരിക്ക് വരുന്നത്

കൊഴിഞ്ഞാമ്പാറ

ചെഞ്ചേരിമല

മീനാക്ഷിപുരം

ഗോവിന്ദാപുരം

ആനമല

• പൊള്ളാച്ചി

• ഉടുമൽപ്പേട്ട്