‘നോക്റ്റിലുക്ക’ മൂലം ചുവപ്പ് പ്രതിഭാസം

Thursday 07 August 2025 7:44 PM IST

കൊച്ചി: തൃശൂർ ജില്ലയിലെ എടക്കഴിയൂർ മുതൽ എറണാകുളം ജില്ലയിലെ പുതുവൈപ്പ് വരെ തീരത്തോട് ചേർന്ന് സമുദ്രത്തിലുണ്ടായ നിറവ്യത്യാസത്തിന് കാരണം ‘നോക്റ്റിലുക്ക’ സൂക്ഷ്മജീവി. പുതുവൈപ്പ് തീരത്ത് തിരമാലകൾ ചുവപ്പ് നിറത്തിൽ കാണപ്പെട്ടത് ആശങ്കയ്ക്കിടയാക്കിയ സാഹചര്യത്തിലാണ് കേരള മത്സ്യ,സമുദ്രപഠന സർവകലാശാല (കുഫോസ്) നിറവ്യത്യാസത്തെ പറ്റി വിശദീകരണം നൽകിയത്.

കുഫോസിന്റെ ശാസ്ത്രജ്ഞർ സമുദ്രജല സാമ്പിൾ ശേഖരിച്ച് നടത്തിയ പഠനത്തിൽ ദിനോഫ്ലാഗലേറ്റ് വിഭാഗത്തിൽപ്പെട്ട നോക്റ്റിലുക്ക സൂക്ഷജീവികളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കേന്ദ്ര ഏജൻസിയായ ഇൻകോയിസുമായി ബന്ധപ്പെട്ടെങ്കിലും മേഘാവൃത കാലാവസ്ഥയായതിനാൽ ഉപഗ്രഹസഹായത്തോടെ വിവരശേഖരണം സാദ്ധ്യമായില്ല. ഇത്തരം സൂക്ഷ്മജീവികൾ തീരത്തോട് ചേർന്ന് വർദ്ധിക്കാനിടയായ പരിസ്ഥിതി ഘടകങ്ങളെക്കുറിച്ച് പഠനം തുടരുമെന്ന് കുഫോസ് അറിയിച്ചു.