വില കുതിപ്പിൽ വെളിച്ചെണ്ണ: മോഷ്ടാവിന് പ്രിയം വെളിച്ചെണ്ണ
കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ കവർന്നു
ആലുവ: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിക്കുന്നതിനിടെ ആലുവയിൽ വെളിച്ചെണ്ണ കള്ളൻ. തോട്ടുമുഖത്ത് ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്‌സിന്റെ പൂട്ട് തല്ലിപ്പൊളിച്ചാണ് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചത്.
ബുധനാഴ്ച രാവിലെ ഉടമ പുത്തൻപുരയിൽ അയൂബ് കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വെളിച്ചെണ്ണ ഒരു കുപ്പിക്ക് 600 രൂപ വിലയുണ്ട്. കള്ളൻ കടയ്ക്കുളളിൽ കയറുന്ന സി.സി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ആദ്യം തറ തുരന്നു കയറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടപ്പോഴാണ് കടയുടെ പൂട്ട് തല്ലിപ്പൊളിച്ചത്. മോഷ്ടാവ് കടയിലെ ഫ്രിഡ്ജിൽ നിന്ന് സോഫ്ട് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റുകയും ചെയ്തു.
വെളിച്ചെണ്ണ കൂടാതെ കടയിലുണ്ടായിരുന്ന മറ്റ് സാധനങ്ങളും മോഷണം പോയിട്ടുണ്ട്. 10 പാക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയി. മോഷണം കഴിഞ്ഞിറങ്ങിയപ്പോൾ സി.സി ടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു കള്ളൻ സ്ഥലംവിട്ടത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.