33.34 കോടി പ്രവർത്തനലാഭത്തിന്റെ കുതിപ്പുമായി കൊച്ചിമെട്രൊ

Friday 08 August 2025 12:06 AM IST

കൊച്ചി: തുടർച്ചയായ മൂന്നാംവർഷവും കൊച്ചി മെട്രോ പ്രവർത്തനലാഭം നേടിയതായി കെ.എം.ആർ.എൽ. 2024-25 സാമ്പത്തികവർഷം 33.34 കോടി രൂപയുടെ പ്രവർത്തനലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തികവർഷത്തേക്കാൾ 10.4 കോടി രൂപയുടെ അധികവരുമാനമാണിത്. നടപ്പാത നിർമ്മാണം ഉൾപ്പെടെയുള്ള നോൺ-മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് ചെലവും പലിശ, ഡിപ്രീസിയേഷൻ തുടങ്ങിയവയും ഒഴിവാക്കിയാണ് പ്രവർത്തനലാഭം കണക്കാക്കുന്നത്.

* പ്രവർത്തന വരുമാനം 182.37

2024-25 കാലയളവിൽ കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം 182.37 കോടി രൂപയും പ്രവർത്തന ചെലവ് 149.03 കോടി രൂപയുമാണ് . ടിക്കറ്റ് വില്പനയിലൂടെ 111.88 കോടി രൂപയും ടിക്കറ്റിതര മാർഗങ്ങളിലൂടെ 55.41 കോടി രൂപയുമാണ് വരുമാനം. കൺസൾട്ടൻസി സേവനത്തിലൂടെ 1.56 കോടിയും ഇതരമാർഗങ്ങളിലൂടെ 13.52 കോടി രൂപയും വരുമാനം നേടി. ടിക്കറ്റിതര വരുമാനത്തിൽ പരസ്യങ്ങളും മെട്രൊ സ്റ്റേഷനുകളിലെ കൊമേഴ്സ്യൽ സ്ഥാപനങ്ങളിൽ നിന്നുള്ള വാടകയും ഉൾപ്പെടും.

* നഷ്ടത്തിൽനിന്ന് കരകയറ്റം

കൊച്ചി മെട്രോ സർവീസ് തുടങ്ങിയ 2017-18 കാലയളവിൽ 24.19 കോടി രൂപയായിരുന്നു പ്രവർത്തനനഷ്ടം. 2018-19 ൽ പ്രവർത്തന നഷ്ടം 5.70 കോടിയായി കുറഞ്ഞെങ്കിലും 2019-20 ൽ 13.92 കോടിയായും 2020-21 ൽ 56.56 കോടിയായും നഷ്ടക്കണക്ക് ഉയർന്നു. 2021-22 ൽ പ്രവർത്തനനഷ്ടം 34.94 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തികവർഷം മുതൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. അന്നു കൈവരിച്ചത് 5.35 കോടി രൂപയുടെ പ്രവർത്തന ലാഭം. 2023-24 കാലയളവിൽ 22.94 കോടി രൂപയായി ലാഭം കുതിച്ചുയർന്നു.

തുടർച്ചയായ വർഷങ്ങളിലെ പ്രവർത്തനലാഭം പ്രവർത്തന മികവിന്റെ പ്രതിഫലനമാണെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കേരളത്തിനും കൊച്ചിക്കും അഭിമാനിക്കാവുന്ന സാമ്പത്തികമായി സുസ്ഥിരവും യാത്രാ സൗഹൃദപരവുമായ മെട്രോസിസ്റ്റം വളർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.