നീതിയുടെ പാത ദു:ഖത്തിലേക്കും നയിക്കും
സമൂഹത്തിലിന്ന് അനേകം രാവണന്മാരുണ്ട് - ആഗ്രഹത്തിന്റെയും അത്യാഗ്രഹത്തിന്റെയും അനന്തരഫലങ്ങൾ എന്തെന്ന് രാവണന്റെ കഥാപാത്രം നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അത്യാഗ്രഹത്തിന്റെയും സ്വാർത്ഥതയുടേയും കെണികൾ ഒഴിവാക്കി ജീവിക്കാൻ ആ കഥാപാത്രം നമ്മെ ആഹ്വാനം ചെയ്യുന്നു. മാനുഷിക മൂല്യങ്ങളുടെ പ്രാധാന്യവും സംതൃപ്ത ജീവിതത്തിലേക്കുള്ള പാതയും അക്കഥ മാർഗ നിർദ്ദേശം ചെയ്യുന്നു. മനുഷ്യർ അനുഭവിക്കുന്ന അന്തരിക പോരാട്ടങ്ങൾ, മഹായുദ്ധങ്ങളെക്കാൾ തീവ്രമാണ്. രാവണൻ സീതയെ പുഷ്പക വിമാനത്തിൽ കയറ്റി കൊണ്ടുപോയപ്പോൾ യുദ്ധത്തെക്കാൾ ഭീകരമായിരുന്നു രാമന്റെ ആന്തരിക ദു:ഖം. നീതിമാന് പലപ്പോഴും അസ്വസ്ഥതയും ആത്മസംഘർഷവുമാണ് ബാക്കി എന്ന് തോന്നിപ്പോകും. രാമായണത്തിന്റെ അവസാനഭാഗത്തെ അദ്ധ്യായങ്ങളിൽ സീതയുടെ വനവാസവും രാമന്റെ ഏകാന്ത ദുഃഖവും കാണുമ്പോൾ നീതിയുടെ പാത പോലും ദുഃഖത്തിലേക്ക് നയിക്കുമെന്ന് നാം അതിശയിക്കും. അപ്പോഴും ധർമ്മിഷ്ഠന്റെ പ്രതിബദ്ധത അചഞ്ചലമായിരിക്കും. ധർമ്മത്തെ മുറുകെ പിടിക്കുന്നവൻ പ്രപഞ്ചത്തോടൊപ്പം സഞ്ചരിക്കുന്നുവെന്ന് രാമായണം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
- മനുഷ്യകുലത്തിന്റെ കഥ
വ്യക്തിയുടെ ദുഃഖത്തെക്കാൾ വലുതാണ് സമൂഹദുഃഖവും അതിനോടുള്ള പ്രതിബദ്ധതയും. ഈ നിലപാട് ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാരം രാമൻ അനുഭവിച്ചു. ശക്തിയുടെ ദുർഗ ആയിരുന്ന സീതയുടെ ഹൃദയത്തെ, സമൂഹത്തിന് വേണ്ടി കഠിനമായി നോവിച്ചു. തെറ്റൊന്നും ചെയ്യാതെ പവിത്രത തെളിയിക്കാൻ അവൾക്ക് നാട്ടുകാർക്ക് മുമ്പിൽ അഗ്നിപ്രവേശം ചെയ്യേണ്ടിവന്നു. ധാർമ്മികതയ്ക്ക് മുന്നിൽ അവളുടെ ജീവിത വിശുദ്ധി ഹോമിക്കപ്പെടുന്നു. രാമായണം ഭൂതകാലത്തിന്റെ കഥയല്ല, ഇന്നത്തെയും നാളത്തേയും എന്നത്തേയും മനുഷ്യ കുലത്തിന്റെ കഥയാണ്. പാതകൾ മലിനമെങ്കിലും ഹൃദയ വിശുദ്ധിയോടെ കർമ്മം ചെയ്യുക - അതേ കാമ്യമായിട്ടുള്ളൂ.