കീടബാധ ഒഴിയാതെ നെൽകൃഷി; ആശങ്കയോടെ കർഷകർ

Friday 08 August 2025 1:13 AM IST
അയിലൂർ പഞ്ചായത്തിൽ ഒറവഞ്ചിറ പാടശേഖരസമിതിയിൽ നെൽപ്പാടങ്ങളിൽ മരുന്നു തളി നടത്തുന്നു.

നെന്മാറ: കീട രോഗബാധ ഒഴിയാതെ പാലക്കാട് ജില്ലയിലെ നെൽപാടങ്ങൾ. ഒന്നാംവിള കൃഷിയിറക്കിയതു മുതൽ തുടങ്ങിയതാണ് ദുരിതങ്ങൾ. നിലവിൽ ഒരു മാസത്തിലേറെ പ്രായമായ നെൽപ്പാടങ്ങളിലാണ് കീടബാധകളും വൈറസ്, ഫംഗസ് അസുഖങ്ങളും വ്യാപകമായി പടരുന്നത്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഏതെങ്കിലും രോഗത്തിന് മരുന്ന് പ്രയോഗിക്കേണ്ട അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. ഇപ്പോൾ പുഴുക്കേടിനും ഫംഗസിനും മരുന്നു തളിക്കുന്ന തിരക്കിലാണ് കർഷകർ. നെന്മാറ അയിലൂർ പഞ്ചായത്തുകളിലെ മിക്ക നെൽപ്പാടങ്ങളിലും കീടബാധയുണ്ടായിട്ടുണ്ട്. നടീൽ കഴിഞ്ഞ ആദ്യ ആഴ്ചയിൽ ഞണ്ട് ശല്യത്തിനും തുടർന്ന് ഓലകരിച്ചിൽ, പോള അഴുകൽ, തണ്ടു തുരപ്പൻ, വേരു ചീയൽ, വേരു പുഴു തുടങ്ങി വിവിധ രോഗബാധകൾക്ക് മരുന്നു തളി നടത്തിക്കൊണ്ടിരിക്കുകയാണ്. അമിത മഴയും, മഴ പെട്ടെന്ന് മാറി ഉയർന്ന ചൂടു നിൽക്കുന്ന അന്തരീക്ഷവുമാണ് നെൽകൃഷിക്ക് പലതരത്തിലുള്ള രോഗബാധയ്ക്ക്കാ കാരണമാകുന്നതെന്ന് കർഷകർ പറയുന്നു. കനത്ത മഴ മൂലം ഒരാഴ്ച മുമ്പ് വരെ രോഗപ്രതിരോധത്തിനു മരുന്നു കളിക്കാനും കഴിഞ്ഞില്ല. ചില രോഗങ്ങൾക്കുള്ള മരുന്നുകൾക്കൊപ്പം കീടനാശിനികളും ചേർത്ത് ഉപയോഗിക്കാൻ കഴിയാത്തത് കർഷകർക്ക് അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. ബഹുഭൂരിപക്ഷം കീടനാശിനികൾക്കും ഒരു ലിറ്ററിന് 1000 രൂപയിലെ വില വർധിച്ചതും തിരിച്ചടിയായി. ചെറു മഴയുള്ള സമയങ്ങളിൽ തളിച്ച മരുന്ന് മഴയിൽ ഒഴുകിപ്പോകുന്നതിനാൽ ഇലകളിൽ പിടിച്ചുനിൽക്കുന്നതിന് പശ ചേർത്ത് തളിക്കേണ്ടി വരുന്നുണ്ടെന്നും കർഷകർ പറയുന്നു. നെൽച്ചെടികൾ ഉള്ളിലേക്ക് വലിച്ചെടുക്കുന്ന അന്തർ വ്യാപന ശേഷിയുള്ള മരുന്നുകൾക്ക് വില കൂടുതലായതിനാൽ ബഹുഭൂരിപക്ഷം കർഷകരും വില കുറവ് നോക്കി സ്പർശനശേഷിയിൽ നശിക്കുന്ന കീടനാശിനികളാണ് ഉപയോഗിക്കുന്നത്.