റെയിൽവേ ഡിവിഷണൽ മാനേജറുടെ സന്ദർശനത്തിൽ പ്രതീക്ഷ 

Friday 08 August 2025 12:19 AM IST
പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ മധുകർ റോട്ട് ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി ഇന്നലെ കാസർകോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ

കാസർകോട്: പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ട് ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി കാസർകോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.

16608 കോയമ്പത്തൂർ - കണ്ണൂർ പാസഞ്ചർ വണ്ടിയും 06031 ഷോർണൂർ - കണ്ണൂർ വണ്ടിയും യഥാക്രമം മംഗലാപുരം/ മഞ്ചേശ്വരം/ കാസർകോട് വരെ നീട്ടണമെന്നും പരശുറാം എക്സ്‌പ്രസ് കോഴിക്കോട് ഒരു മണിക്കൂർ നേരം വെറുതെ പിടിച്ചിടുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജില്ല റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഡി.ആർ.എം മധുകർ റോട്ടിന് നിവേദനം നൽകി.

കാസർകോട്ടു നിന്നും കോഴിക്കോട്ടേക്ക് ആതുര ശുശ്രൂഷ, വാണിജ്യം, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങൾക്ക് രാവിലെ സ്ഥിരമായി പോകുന്ന യാത്രക്കാർക്ക് വൈകുന്നേരം തിരിച്ചുവരാനുള്ള സൗകര്യം ഇല്ലാത്തത് ഗുരുതരമായ പ്രശ്നമാണെന്ന് അസോസിയേഷൻ ഡി.ആർ.എമ്മിനെ അറിയിച്ചു. അതേപോലെ വൈകുന്നേരം ഏഴുമണി കഴിഞ്ഞാൽ കാസർകോട് നിന്നും ഷൊർണൂരിലേക്കും ട്രെയിനില്ലാത്ത വിഷയവും അറിയിച്ചു.

ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങൾ മാത്രം അടങ്ങിയ നിവേദനം അനുഭവപൂർവ്വം പരിഗണിക്കാമെന്ന് പാസഞ്ചർ അസോസിയേഷൻ നേതാക്കൾക്ക് ഡിവിഷൻ റെയിൽവേ മാനേജർ ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് ചർച്ചകൾക്കായി പാലക്കാട് ഡിവിഷൻ ഓഫീസിലേക്ക് ക്ഷണിക്കുകയും ചെയ്തു.

റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും പുതിയ ഓട്ടോ പാർക്കിംഗ് ഏരിയയിലെ വീർപ്പുമുട്ടലും എസ്കലേറ്റർ സ്ഥാപിക്കുന്നതിന് വേണ്ടിയിട്ടുള്ള സ്ഥലപ്രശ്നവും ലിഫ്റ്റ് പണി പൂർത്തിയാവാത്ത വിഷയവും ചോർന്നൊലിക്കുന്ന പ്ലാറ്റ്ഫോം അടിയന്തരമായി നന്നാക്കാനും മുഴുവൻ ലൈറ്റുകളും ഫാനുകളും ചലിപ്പിക്കാൻ ആവശ്യമായിട്ടുള്ള കുതിരശക്തി കൂടിയ ജനറേറ്ററിന്റെ അത്യാവശ്യവും ഉന്നയിച്ചു.

പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രശാന്ത് കുമാർ, ജനറൽ സെക്രട്ടറി നാസർ ചെർക്കളം, കൺവീനർ നിസാർ പെർവാഡ്, സെക്രട്ടറി ഷഫീഖ് തെരുവത്ത്, സാമൂഹ്യപ്രവർത്തകൻ മജീദ് തെരുവത്ത്, മൊയ്‌നുദ്ദീൻ ചെമ്മനാട്, സുബൈർ മാര എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ട് ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി കാസർകോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ