ടോൾ പിരിവ് നിന്നു: പാലിയേക്കരയിലെ കുരുക്കഴിഞ്ഞു
Friday 08 August 2025 3:44 AM IST
തൃശൂർ: ടോൾ ഒഴിവാക്കിയതോടെ പാലിയേക്കരയിലെ വാഹനക്കുരുക്ക് ഇല്ലാതായി. കോടതി വിധി വന്നതിനു പിന്നാലെ ഇന്നലെ അഡ്വ.ഷാജി കോടങ്കണ്ടത്തിന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ ബാരിക്കേഡ് മാറ്റി വാഹനങ്ങൾ കടത്തിവിട്ടിരുന്നു. തുടർന്ന് റീഡർ മാറ്റാൻ ടോൾ കമ്പനി മാനേജരുടെ മുറിയിലെത്തി ആവശ്യപ്പെട്ടു. വൈകിട്ടോടെയാണ് റീഡർ മാറ്റിയത്. ഇതോടെ ടോളില്ലാതെ വാഹനങ്ങൾ കടന്നുപോയി.
കളക്ടർ രണ്ടുതവണ ടോൾ താത്കാലികമായി നിറുത്തിയപ്പോൾ റീഡർ മാറ്റാതിരുന്നതിനെ തുടർന്ന് വാഹനങ്ങളിൽ നിന്ന് പണം ഈടാക്കിയിരുന്നു. അതേസമയം അടിപ്പാതകൾ പണിയുന്ന സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കിന് കാര്യമായ കുറവില്ല. സർവീസ് റോഡുകൾ തകർന്നതാണ് കുരുക്ക് കൂട്ടുന്നത്. കുഴിയടയ്ക്കാൻ മണ്ണും മെറ്റലും കൊണ്ടിടുന്നതും കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.