നവജാത ശിശുവിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Thursday 07 August 2025 10:29 PM IST

തിരുവനന്തപുരം: ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ നവജാതശിശു മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആശുപത്രി സൂപ്രണ്ട്. ആറ്റിങ്ങല്‍ ആലംകോട് സ്വദേശിയായ 23 കാരിയായ യുവതി ഏഴാം മാസം വീട്ടില്‍ പ്രസവിക്കുകയായിരുന്നു. പ്രസവാനന്തരം കുട്ടിയെ ആംബുലന്‍സില്‍ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും നവജാതശിശുവിന്റെ ജീവന്‍ നഷ്ടമായിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഭര്‍ത്താവ് വിദേശത്തായ യുവതിക്ക് ഗര്‍ഭകാല ചികിത്സകള്‍ ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് യുവതി ഡോക്ടറോട് പറഞ്ഞത്.

എന്നാല്‍, യുവതി മറ്റേതെങ്കിലും ചികിത്സാ സമ്പ്രദായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നുള്ള കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ആറ്റിങ്ങല്‍ ആലംകോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്വാപഞ്ചര്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയ ഗര്‍ഭിണികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ആശുപത്രിയില്‍ നിന്നും പൊലീസിന് വിവരം നല്‍കിയതനുസരിച്ച് ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. യുവതിയുടെ ഭര്‍ത്താവിന്റെ പിതാവ് അബ്ദുല്‍ വാഹിദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.