വെള്ളി ആഭരണങ്ങൾക്ക് സെപ്തംബർ മുതൽ ഹാൾ മാർക്കിംഗ്

Friday 08 August 2025 12:00 AM IST

ന്യൂഡൽഹി: സെപ്‌തംബർ ഒന്ന് മുതൽ വെള്ളി ആഭരണങ്ങൾക്കും പരീക്ഷണാടിസ്ഥാനത്തിൽ ഹാൾ മാർക്കിംഗ് മുദ്ര പതിക്കും. ആറ് മാസത്തിന് ശേഷം ഹാൾ മാർക്കിംഗ് നിർബന്ധമാക്കും. പരിശുദ്ധിയുടെ അടിസ്ഥാനത്തിൽ 99,97, 92.5, 90, 83.5, 80 എന്നീ ഗ്രേഡുകളിലാവും വെള്ളി ആഭരണങ്ങൾക്ക് ഹാൾമാർക്കിംഗ്.

സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുമ്പോൾ തൂക്കവും ഫോട്ടോയും ഉൾപ്പെടുത്താനും ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാർന്റേർഡ്സ്(ബി.ഐ.എസ്) തീരുമാനിച്ചു. ബി.ഐ.എസ് വെബ്‌സൈറ്റിൽ ഓരോ ആഭരണത്തിന്റെയും യൂണിക് ഹാൾമാർക്കിംഗ് നമ്പർ

ഉപയോഗിച്ച് ട്രാക്ക് ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ ലഭിക്കാനാണിത്.

കേന്ദ്ര ഉപഭോക്‌തൃ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് 9 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതായി ബി.ഐ.എസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ

ചിത്രഗുപ്ത സ്വർണ്ണാഭരണ അസോസിയേഷനുകളുടെ യോഗത്തിൽ അറിയിച്ചൂ.

സ്വർണ നാണയങ്ങൾ, ബുള്ളിയനുകൾ എന്നിവ ഹാൾമാർക്ക് ചെയ്യാനുള്ള അവകാശം റിഫൈനറികൾക്ക് മാത്രമായി നൽകിയത് അംഗീകരിക്കാനാകില്ലെന്ന് യോഗത്തിൽ പങ്കെടുത്ത വ്യാപാരികൾ പറഞ്ഞു.

സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന ബി.ഐ.എസ് നിയമങ്ങൾ കേരളമാണ് ആദ്യം നടപ്പാക്കിയതെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ യോഗത്തിൽ പറഞ്ഞു.