വിവാഹ, മൈസ് ഉച്ചകോടിക്ക് മികച്ച പ്രതികരണം
ഉച്ചകോടിയിൽ 610 സ്ഥാപനങ്ങൾ പങ്കെടുക്കും
കൊച്ചി: വിവാഹം, സമ്മേളനം, പ്രദർശനം, ആഘോഷങ്ങൾ എന്നിവയുടെ വേദിയായി കേരളത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ വെഡിംഗ്, മൈസ് ടൂറിസം ഉച്ചകോടിക്ക് ആഗോള, ആഭ്യന്തര വിപണികളിൽ നിന്ന് മികച്ച പ്രതികരണം. കൊച്ചിയിൽ ആഗസ്‌റ്റ് 14 മുതൽ 16 വരെനടക്കുന്ന ഉച്ചകോടിയിൽ 610 സ്ഥാപനങ്ങൾ പങ്കെടുക്കും.
സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവൽ മാർട്ട് (കെ.ടി.എം.) സൊസൈറ്റിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
വിദേശത്തെ 65 ബയർമാർ രജിസ്റ്റർ ചെയ്തതായി കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.എ.ഇ, യു.കെ., ജർമ്മനി, യു.എസ്.എ, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ഹംഗറി, ഇസ്രയേൽ, ഇറ്റലി, മലേഷ്യ, ഒമാൻ, പോളണ്ട്, റുമേനിയ, റഷ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ, ശ്രീലങ്ക, തുർക്കി, യുക്രെയിൻ, വിയറ്റ്‌നാം രാജ്യങ്ങളിലെ പ്രതിനിധികളെത്തും. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയാകും. 15, 16 തിയതികളിൽലെ മെറഡിയനിലാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദർശനങ്ങളും നടക്കുക.
കെ.ടി.എം വൈസ് പ്രസിഡന്റ് സി. ഹരികുമാർ, മുൻ പ്രസിഡന്റുമാരായ ഏബ്രഹാം ജോർജ്, ബേബി മാത്യു, ജോയിന്റ സെക്രട്ടറിമാരായ ജോബിൻ ജോസഫ്, ട്രഷറർ ജിബ്രാൻ ആസിഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.