രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനോട് സഞ്ജു ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങള്‍; നിര്‍ണായക തീരുമാനമെടുത്ത് മലയാളി താരം

Thursday 07 August 2025 11:21 PM IST

തിരുവനന്തപുരം: രാജസ്ഥാന്‍ റോയസുമായുള്‌ല എട്ട് വര്‍ഷം നീണ്ട ബന്ധം സാക്ഷാല്‍ സഞ്ജു സാംസണ്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടീമിന്റെ ക്യാപ്ടന്‍ കൂടിയായ സഞ്ജു അടുത്ത ഐ.പി.എല്‍ സീസണിന് മുന്നോടിയായി തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം നടത്തുകയോ വേണമെന്ന് രാജസ്ഥാന്റെ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. അടുത്ത സീസണിന് മുമ്പ് സഞ്ജുവിനെ കൈമാറ്റം ചെയ്യാനൊ റീലീസ് ചെയ്യാനൊ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് തുടരാന്‍ താത്പര്യമില്ലെന്ന് സഞ്ജു രാജസ്ഥാന്‍ മാനേജ്‌മെന്റിനെ അറിയിച്ചതായുള്‌ല റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ സഞ്ജുവിനെ സ്വന്തമാക്കാന്‍

കഴിഞ്ഞ സീസണ്‍ മുതല്‍ സഞ്ജുവും ഫ്രാഞ്ചൈസിയും തമ്മില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടീം 9-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ഭിന്നത രൂക്ഷമായി.പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ 9 മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് കളിക്കാനായത്. പലതിലും ഇംപ്ക്ട് പ്ലെയറുമായിരുന്നു. പരിശീലകനായി സംഗക്കാരയ്ക്ക് പകരമെത്തിയ രാഹുല്‍ ദ്രാവിഡും തമ്മിലും പലകാര്യത്തിലും അഭിപ്രായ ഭിന്നതയുണ്ടിയിരുന്നെന്നും വിവരമുണ്ട്.

സ്വന്തം ബാറ്റിംഗ് പൊസിഷന്‍ തീരുമാനിക്കാന്‍ പോലും കഴിയാത്തതില്‍ താരം അസന്തുഷ്ടനായിരുന്നു. ഓപ്പണറായാണ് ട്വന്റി-20യില്‍ നിലവില്‍ സഞ്ജു കളിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ യശ്വസി ജയ്സ്വാള്‍ - വൈഭവ് സൂര്യവംശി കൂട്ടുകെട്ട് ക്ലിക്കായതോടെ സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനം നഷ്ടമായി. 2018ല്‍ രാജസ്ഥാനിലെത്തിയ സഞ്ജു 2021ലാണ് ടീമിന്റെ ക്യാപ്ടന്‍ സ്ഥാനം ഏറ്റെടുത്തത്. നിലവില്‍ 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ ടീമില്‍ നിലനിറുത്തിയിരിക്കുന്നത്.

പോകണേല്‍ ടീമും ഓകെ പറയണം

അതേസമയം സഞ്ജു ടീം വിടാന്‍ ആഗ്രഹിച്ചാലും രാജസ്ഥാന്‍ മാനേജ്‌മെന്റിന്റെ അനുവാദമുണ്ടെങ്കില്‍ മാത്രമേ താരത്തിന് പോകാനാകൂ. ഐ.പി.എല്ലില്‍ ഒരു താരം ഒരു ടീമുമായി കരാറില്‍ ഒപ്പുവയ്ക്കുന്നത് സാധാരണ മൂന്ന് വര്‍ഷത്തേയ്ക്കാണ്. ഇതിന് ശേഷമേ താരത്തേ റിലീസ് ചെയ്യാനാകൂ. നിലവില്‍ സഞ്ജുവിന് രാജസ്ഥാനുമായി 2027വരെ കരാറുണ്ട്. സാധാരണ തുടരാന്‍ ആഗ്രഹമില്ലെന്നറിയിക്കുന്ന താരങ്ങളെ ടീമുകള്‍ റിലീസ് ചെയ്യാറുണ്ട്. ,ടീമിലെ സൗഹൃദപൂര്‍ണമായ അന്തരീക്ഷം ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും ടീമുകള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുക.

ക്യാപ്ടനും മാര്‍ക്വി താരം കൂടിയായ സഞ്ജുവിന് കരാറിന് ഇടയ്ക്ക് ടീം വിടുകയെന്നത് അല്പം കഠിനമേറിയ കാര്യമാണ്. ചൈന്നൈ സൂപ്പര്‍ കിംഗ്സാണ് സഞ്ജുവനെ ടീമിലെത്തിക്കാന്‍ താത്പര്യമുണ്ടെന്ന് പരസ്യമായി വ്യക്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനായി രംഗത്തുണ്ട്. എന്നാല്‍ 18 കോടി രൂപയുള്ള സഞ്ജുവിനെ ട്രേഡിംഗിലൂടെ സ്വന്തമാക്കാന്‍ ഒരു ടീമും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

ചെന്നൈയ്ക്കും നിലവിലെ സാഹചര്യത്തില്‍ ട്രേഡിംഗിലൂടെ സഞ്ജുവിനെ ടീമിലെത്തിക്കനാകാത്ത അവസ്ഥയാണ്. ലേലത്തിലൂടെ താരത്തിനെ സ്വന്തമാക്കാനാണ് ടീമുകള്‍ക്ക് താത്പര്യം. ഈ മാസം 21ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടങ്ങുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലാണ് സഞ്ജു ഇനി കളിക്കുന്നത്. കൊച്ചി ബ്‌ളൂ ടൈഗേഴ്‌സ് ടീമിനുവേണ്ടിയാണ് സഞ്ജു കെ.സി.എല്ലിലിറങ്ങുക.