ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം , ബി നിലവറ തുറക്കൽ വീണ്ടും ചർച്ചയിൽ
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ വീണ്ടും ചർച്ചയായി. ഇന്നലെ ചേർന്ന ക്ഷേത്ര ഉപദേശക സമിതിയുടെയും സുപ്രീംകോടതി നിർദ്ദേശ പ്രകാരം രൂപീകൃതമായിട്ടുള്ള ഭരണസമിതിയുടെയും സംയുക്ത യോഗത്തിലാണ് ബി നിലവറ വീണ്ടും ചർച്ചയായത്. ഭരണസമിതിയിലെ സർക്കാർ പ്രതിനിധി അഡ്വ. എ.വേലപ്പൻനായർ നിലവറ തുറന്ന് പരിശോധിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചതായാണ് അറിയുന്നത്. നിലവറ തുറക്കുന്നതിൽ ഭരണ സമിതിക്ക് തീരുമാനം കൈക്കൊള്ളാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
യോഗത്തിൽ ക്ഷേത്ര തന്ത്രി പങ്കെടുക്കാതിരുന്നതിനാലും കൊട്ടാരം പ്രതിനിധി ഈ നിർദ്ദേശത്തോട് യോജിക്കാതിരുന്നതിനാലും വിഷയം കൂടുതൽ ചർച്ചയായില്ല. ഇക്കാര്യത്തിൽ ക്ഷേത്ര തന്ത്രിയുടെ അഭിപ്രായം നിർണായകമാണ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം 2011 ലാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മറ്റു നിലവറകൾ തുറന്ന് ഇവിടെ സൂക്ഷിച്ചിട്ടുള്ള സ്വർണ, രത്ന ശേഖരങ്ങളുടെ മൂല്യ നിർണയം നടത്തിയത്. വിലമതിക്കാനാവാത്ത അപൂർവ ശേഖരമുള്ള ബി നിവറ പലവിധ കാരണങ്ങളാൽ അന്ന് തുറന്ന് പരിശോധിച്ചിരുന്നില്ല. ബി നിലവറ തുറന്നാൽ അനിഷ്ടങ്ങൾ സംഭവിക്കുമെന്നും വിശ്വാസങ്ങളുടെ ലംഘനമാവുമെന്നും മറ്രുമുള്ള അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് അതിൽ നിന്ന് ഭരണ സമിതി പിന്മാറിയത്. ബി നിലവറ തുറക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ അന്നത്തെ വിദഗ്ദ്ധ സമിതി അംഗമായിരുന്ന ജസ്റ്രിസ് സി.എസ്.രാജന്റെ കാൽ മുറിഞ്ഞ് രക്തം കിനിഞ്ഞതും മറ്റൊരു കാരണമായി.
വൈഷ്ണവാചാര പ്രകാരം ഒന്നോ എട്ടോ നിലവറകളാണ് ഇത്തരം ക്ഷേത്രങ്ങളിൽ ഉണ്ടാവാറുള്ളത്. ബി ഒഴികെയുള്ള നാല് നിലവറകളിലാണ് 2011-ൽ പരിശോധന നടന്നത്. ശ്രീകോവിലിന് വടക്കുവശത്ത് സരസ്വതീകോണിലുള്ള നിലവറ ഏറക്കുറെ ശൂന്യമാണെന്നാണ് നിഗമനം. മറ്റ് രണ്ട് അറകളെക്കുറിച്ചും അത്ര കൃത്യമായ അറിവില്ല.
മിത്രാനന്ദപുരം കുളത്തിന്റെ ശുചീകരണവും ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും മുറജപവും വിഗ്രഹത്തിലെ അറ്റകുറ്റപ്പണികളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യാനാണ് ഇന്നലെ സംയുക്ത യോഗം നടന്നത്. നേരത്തെ നടന്ന മൂല്യനിർണയത്തിൽ ലക്ഷം കോടി രൂപ വിലവരുന്ന അപൂർവ ശേഖരങ്ങൾ ഇവിടെയുള്ളതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ബി നിലവറയെപ്പറ്രി നിരവധി വിശ്വാസങ്ങളുണ്ട്. ഇത് തുറന്നാൽ കടൽവെള്ളം ഇവിടേക്ക് കയറുമെന്നും ഈ അറയിൽ വലിയ തുരങ്കമുണ്ടെന്നും നിധി ശേഖരത്തിന് നാഗങ്ങളുടെ കാവലുണ്ടെന്നുമൊക്കെയാണ് വിശ്വാസം.