സിമി, ഇന്ത്യയിലെ ഉയരം കുറഞ്ഞ അമ്മ

Friday 08 August 2025 12:37 AM IST

തൃശൂർ: തൃശൂർക്കാരി സിമി ഇനി രാജ്യത്തെ ഉയരം കുറഞ്ഞ അമ്മയാകും. 95 സെന്റിമീറ്റർ (3.1 അടി) ഉയരമുള്ള തൃശൂർ അയ്യന്തോൾ സ്വദേശി കെ.കെ. സിമി (36) കഴിഞ്ഞ ജൂൺ 23ന് ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. 108 സെന്റിമീറ്റർ (3.5 അടി) ഉയരമുള്ള ആന്ധ്രാപ്രദേശിലെ കാമാക്ഷിയെയാണ് സിമി മറികടന്നത്.

സിസേറിയനിലൂടെയാണ് 1.685 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ പുറത്തെടുത്ത്. തൃശൂരിലെ സൈമർ വിമൻസ് ആശുപത്രിയിലായിരുന്നു പ്രസവം. സിമിക്കായി പ്രത്യേക മെഡിക്കൽ ടീമിനെ രൂപീകരിച്ചിരുന്നു. ഗർഭധാരണത്തിന് മുമ്പ് 34 കിലോഗ്രാമായിരുന്നു സിമിയുടെ ഭാരം. അമ്മയും കുഞ്ഞും ഇപ്പോൾ വീട്ടിലാണ്.

അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ജോലിക്കാരിയായ സിമി സോഷ്യൽ മീഡിയയിലൂടെയാണ് ഭർത്താവ് മലപ്പുറം സ്വദേശി പ്രഗേഷിനെ പരിചയപ്പെട്ടത്. നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന പ്രഗേഷ് ജോലി ഉപേക്ഷിച്ചാണ് സിമിയെ ശുശ്രൂഷിക്കാൻ ആശുപത്രിയിലും വീട്ടിലും നിന്നത്.

അപൂർവ രോഗത്തിന് അടിമയായ സിമിയുടെ ഗർഭധാരണത്തിന് നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നെന്ന് സൈമർ ആശുപത്രി സ്ഥാപകനും മെഡിക്കൽ ഡയറക്ടറുമായ ഡോ. കെ. ഗോപിനാഥൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എം.ഡി. ചിത്ര ഗോപിനാഥ്, സി.ഇ.ഒ ഗോകുൽ ഗോപിനാഥ്, മറ്റ് ഡോക്ടർമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.