അഭിഭാഷക ക്ലാർക്ക് ആനുകുല്യം വർദ്ധിപ്പിക്കും: മന്ത്രി രാജീവ്
തിരുവനന്തപുരം: അഭിഭാഷക ഗുമസ്തന്മാർക്കും ക്ലാർക്കുമാർക്കുമുള്ള ക്ഷേമനിധി ആനുകുല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പി.രാജീവ്. ഇത് സംബന്ധിച്ച ബില്ല് തയ്യാറാക്കുകയാണ്. കോടതികളും മറ്റ് ജുഡിഷ്യൽ സർവീസുകളും പേപ്പർ രഹിതമാക്കുന്നതിന്റെയും സാങ്കേതിക സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി ഗുമസ്തന്മാർക്കും ക്ലാർക്കുമാർക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ജുഡിഷ്യറിയുമായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള ലായേഴ്സ് ക്ലാർക്സ് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതികൾ പേപ്പർ രഹിതമാക്കുന്നതോടെ അഭിഭാഷക ഗുമസ്തരുടെയും ക്ലാർക്കുമാരുടെയും ജോലിയെ ബാധിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാകുന്നതല്ല. സാങ്കേതിക വിദ്യകൾ മാറുന്നതിന് അനുസരിച്ച് ജോലികളും ക്രമീകരിക്കേണ്ടതുണ്ട്. എന്നാൽ, ആരുടെയും ജോലി നഷ്ടമാകാതിരിക്കാനുള്ള നടപടിയുണ്ടാകും. പ്രശ്നങ്ങൾ ജുഡിഷ്യറിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി രാജീവ് വിശദമാക്കി.
കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് കെ.ബി.രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ടി.ഗീനാകുമാരി, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പള്ളിച്ചൽ എസ്.കെ.പ്രമോദ്, അഡ‌്വ.എസ്.പി.ദീപക്, കെ.രാജമാണിക്യം, രാജ്കുമാർ മണ്ണാർക്കാട്, സതീശൻ തലപുലത്ത്,പി.രാജേന്ദ്രകുമാർ, വി.മധുകുമാർ, വി.സജികുമാർ തുടങ്ങിയവർ സംസാരിച്ചു.