ശാസ്ത്രത്തിന്റെ ഗുണഫലം ഏവർക്കും കിട്ടണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പരമ്പരാഗത അറിവുകളെ പുത്തൻ ഗവേഷണങ്ങളുമായി ബന്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെ ഉപയോഗവും ഭാവിയിലേക്കുള്ള കരുതലും ഉറപ്പുവരുത്തണം. ശാസ്ത്രത്തിന്റെ ഗുണഫലങ്ങൾ സാധാരണക്കാരനും ലഭിക്കണം. ഹയാത്ത് റീജൻസിയിൽ ഗവേഷണ വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്റി.
ഗവേഷണവും വ്യവസായവും പരസ്പരം സഹകരിക്കണം. ഇതിനുള്ള മേഖലകളെ കണ്ടെത്താൻ ഉച്ചകോടിക്ക് കഴിയണം. പ്രളയം, കൊവിഡ്, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളെ കേരളം അതിജീവിച്ചത് ശാസ്ത്രീയ മാർഗങ്ങളിലൂടെയാണ്. മാലിന്യസംസ്‌കരണം ശാസ്ത്രീയരീതികളിലൂടെ വിജയകരമാക്കി. ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിലാണ് ഉച്ചകോടി. കേരള ശാസ്ത്ര പുരസ്‌കാരം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് മുഖ്യമന്ത്റി നൽകി. കൗൺസിലിന്റെ നൂതന ഗവേഷണ, വികസന ആശയ സമാഹാരത്തിന്റെ പ്രകാശനവും നിർവഹിച്ചു. കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്. സോമനാഥ്, ഡോ.എം.സി. ദത്തൻ, പ്രൊഫ. എ. സാബു, ഡോ. ബിനുജ തോമസ് എന്നിവർ പ്രസംഗിച്ചു.