'ഫോണിലൂടെ ശ്വേത പൊട്ടിക്കരഞ്ഞു, ഏതോ ഗുണ്ടയുടെ പണിയാണിത്; അവര്‍ പക്ഷേ ഒരു കാര്യം ഓര്‍ത്തില്ല'

Thursday 07 August 2025 11:59 PM IST

അശ്ലീല ദൃശ്യങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന കേസില്‍ നടി ശ്വേത മേനോന് പിന്തുണയുമായി സംവിധായകന്‍ മേജര്‍ രവി. താര സംഘടനയായ അമ്മയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടി മത്സരിക്കുന്നതുകൊണ്ടാണ് ശ്വേതയ്‌ക്കെതിരെ ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നതെന്നാണ് മേജര്‍ രവി അഭിപ്രായപ്പെട്ടത്. താന്‍ നടിയുമായി സംസാരിച്ചിരുന്നുവെന്നും ഫോണിലൂടെ അവര്‍ പൊട്ടിക്കരയുകയായിരുന്നുവെന്നും മേജര്‍ രവി വെളിപ്പെടുത്തി. ഫേസ്ബുക്ക് വീഡിയോയിലാണ് മേജര്‍ രവിയുടെ പ്രതികരണം.

'കേസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ശ്വേതയെ വിളിച്ചിരുന്നു. ഒരു തമാശരൂപത്തില്‍ എന്താണിത് എന്നാണ് അവരോട് ചോദിച്ചത്. എന്നാല്‍ മറുതലയ്ക്കല്‍ ശ്വേത പൊട്ടിക്കരയുകയായിരുന്നു. എനിക്ക് 13 വയസുള്ള മകളുണ്ട്. ഈ ചെയ്യുന്നവര്‍ അവളുടെ കാര്യം ഓര്‍ക്കുന്നുണ്ടോ എന്നാണ് ശ്വേത എന്നോട് ചോദിച്ചത്. ആ കരച്ചില്‍ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്'. മേജര്‍ രവി പറഞ്ഞു.

ആര്‍ക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്. സെന്‍സര്‍ ബോര്‍ഡ് ക്ലിയര്‍ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നത്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോന്‍ ഹൈക്കാേടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നടപടി. എറണാകുളം സിജെഎം കോടതിയുടെ ഇടക്കാല ഉത്തരവ് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതി കേസിലെ തുടര്‍നടപടികള്‍ പൂര്‍ണമായും തടയുകയായിരുന്നു. എഫ് ഐ ആര്‍ സ്റ്റേ ചെയ്യുകയും ചെയ്തു. പൊലീസിനും പരാതിക്കാരനും ഹൈക്കോടതി നോട്ടീസയയ്ക്കുകയും ചെയ്തു. സിജെഎം കോടതിയിലെ മജിസ്‌ട്രേട്ടില്‍ നിന്ന് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്?റ്റര്‍ ചെയ്തത്. ശ്വേതാ മേനോന്‍ നേരത്തെ അഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം അശ്ലീല രംഗങ്ങളാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. സെന്‍സര്‍ ചെയ്ത് ഇറങ്ങിയ രതിനിര്‍വേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിര പരാതിയിലുണ്ടായിരുന്നു.

മേജര്‍ രവി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ