നോട്ടീസിന് മറുപടി: കൂടുതൽ സമയം തേടി ഡോ.ഹാരിസ്
Friday 08 August 2025 1:07 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമം വെളിപ്പെടുത്തിയ ഡോ. ഹാരിസ് ചിറയ്ക്കൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ല. കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രിൻസിപ്പിലിന് അപേക്ഷ നൽകി.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നോട്ടീസിന്റെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചു. തന്റെ ആരോപണങ്ങൾ അന്വേഷിച്ച സമിതി റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ച ശേഷം മറുപടി നൽകാമെന്ന നിലപാടിലാണ് ഡോ.ഹാരിസ്. ഇതിന് മറ്റൊരാൾ മുഖേന അപേക്ഷ നൽകി.
അതിനിടെ, കളവുപോയെന്ന് മന്ത്രി വീണാജോർജ് വെളിപ്പെടുത്തിയ ശസ്ത്രക്രിയ ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ തന്നെയുണ്ടെന്ന് കണ്ടെത്തിയതായും വിവരമുണ്ട്. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. ഉപകരണം കാണാനില്ലെന്ന സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.