എ.ബി.സി കേന്ദ്രം മങ്കടയിൽ തുടങ്ങും

Friday 08 August 2025 12:18 AM IST

മലപ്പുറം: ജില്ലയിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രം (എ.ബി.സി)​ ആരംഭിക്കാൻ മങ്കട നാടിപ്പാറയിലെ റവന്യൂ വകുപ്പിന്റെ 50 സെന്റ് ഭൂമി പ്രയോജനപ്പെടുത്തും. ഭൂമിയുടെ ലീസ് പ്രപ്പോസൽ റവന്യൂ വകുപ്പ് സമർപ്പിക്കുന്നതോടെ തുടർ നടപടികളിലേക്ക് കടക്കും. ജനവാസ കേന്ദ്രമാണെന്ന് ചൂണ്ടിക്കാട്ടി ഇവിടെ എ.ബി.സി കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കം മങ്കട പഞ്ചായത്തും പ്രദേശവാസികളും എതിർത്തിരുന്നു. തുടർന്ന് മറ്റ് സ്ഥലങ്ങൾ അന്വേഷിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ ആണ് മങ്കടയിലെ സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കാൻ ജില്ലാ കളക്ടർ വീണ്ടും ഉത്തരവിട്ടത്. മങ്കട പഞ്ചായത്തിന്റെ മാലിന്യ ശേഖരണ കേന്ദ്രം (എം.സി.എഫ്) സ്ഥാപിക്കാനും ഇവിടെ 50 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ എതിർപ്പുണ്ടെങ്കിലും എ.ബി.സി കേന്ദ്രത്തിനായി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം. സംസ്ഥാനത്ത് തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി കേന്ദ്രം ഇല്ലാത്ത ഏക ജില്ല മലപ്പുറമാണ്. മറ്റ് ജില്ലകളിൽ ഒന്നിലധികം കേന്ദ്രങ്ങളുണ്ട്.

തീരുമാനത്തിന് നാല് മാസം

മങ്കടയിലെ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മേയിൽ ജില്ലാ പഞ്ചായത്ത് ഭരണ സമിതി കളക്ടർക്ക് കത്ത് നൽകിയിരുന്നു. എ.ബി.സി പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ജില്ലാ പഞ്ചായത്തിന്റെ കൈവശം വന്ധ്യംകരണ കേന്ദ്രം നിർമ്മിക്കാൻ സ്ഥലമില്ല. റവന്യൂ വകുപ്പിന്റെ കൈവശം ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒഴിഞ്ഞു കിടക്കുന്ന ഭൂമികളിലൊന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ നിവേദനങ്ങൾ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. നേരത്തെ ചീക്കോടിൽ റവന്യൂ വകുപ്പിന്റെ ഒരേക്കർ ഭൂമി അനുയോജ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയെങ്കിലും ഭൂമിയിലേക്കുള്ള വഴി കേസിൽപ്പെട്ട് കിടന്നതോടെ ഇത് ലഭിച്ചില്ല. കീഴാറ്റൂർ മുതുകുറുശ്ശിയിൽ എസ്‌റ്റേറ്റ് മേഖലയോട് ചേർന്ന റവന്യൂ ഭൂമിയും പരിഗണിച്ചെങ്കിലും ലഭിച്ചില്ല.

ജില്ലയിൽ എ.ബി.സി ഇങ്ങനെ

  • തെരുവുനായകളുടെ അനിയന്ത്രിതമായ പ്രജനനം തടയുന്നതിനായി 2016ലാണ് തദ്ദേശസ്ഥാപനങ്ങൾ മുഖേന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് തുടക്കമിട്ടത്.
  • 2016ൽ കുടുംബശ്രീക്കായിരുന്നു തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള ചുമതല നൽകിയിരുന്നത്.
  • വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി 2021ൽ ഹൈക്കോടതി കുടുംബശ്രീയെ വിലക്കി.
  • 3,307 നായ്ക്കളെയാണ് അഞ്ച് വർഷത്തിനിടെ എ.ബി.സി പദ്ധതിക്ക് കീഴിൽ വന്ധ്യംകരിച്ചത്.