പിരിച്ചുവിടൽ നടപടി നിലച്ചു: സസുഖം വാഴുന്നു, പൊലീസ് ക്രിമിനലുകൾ

Friday 08 August 2025 1:39 AM IST

തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടുന്നത് ആഭ്യന്തര വകുപ്പ് മരവിപ്പിച്ചു. 59 ഉദ്യോഗസ്ഥർക്കെതിരെ തുടങ്ങിയ നടപടിയാണ് പൊലീസ് സംഘടനകളും രാഷ്ട്രീയ നേതൃത്വവും ചേർന്ന് അട്ടിമറിച്ചത്.

രണ്ടു വർഷമായി സേനയിലെ ക്രിമിനലുകൾക്കെതിരെ കടുത്ത നടപടിയില്ല. കുഴപ്പക്കാർ ക്രമസമാധാന ചുമതലയിൽ തുടരുന്നു. കൈക്കൂലി, കസ്റ്റഡിക്കൊല, കസ്റ്റഡിമർദ്ദനം എന്നിവയ്ക്ക് സസ്പെൻഷനിലായിരുന്നവരെ തിരിച്ചെടുക്കുകയും ചെയ്തു.

പൊലീസിൽ ക്രിമിനലുകൾ വാഴുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി മുഖ്യവാർത്തയും `ക്രിമിനൽത്തൊപ്പി 'എന്ന പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് സ്ഥിരം കുഴപ്പക്കാരെ പിരിച്ചുവിടാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് കർശന നിർദ്ദേശം നൽകിയത്.

ക്രിമിനലുകളെ രക്ഷിക്കുന്ന പുതിയരീതി ഇങ്ങനെ: ഗുരുതര കുറ്റകൃത്യങ്ങളിൽപ്പെട്ടവരെ വകുപ്പുതല അന്വേഷണത്തിനു പിറകേ സ്ഥലംമാറ്റും. കൂടുതൽ സമ്മർദ്ദമുണ്ടായാൽ സസ്പെൻഷൻ. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടശേഷം തിരിച്ചെടുത്ത് ക്രമസമാധാന ചുമതല നൽകും.

ഗുണ്ടാ-മാഫിയാ സംഘങ്ങളെ സഹായിക്കുന്ന പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുത്ത് പുറത്താക്കാനായിരുന്നു തീരുമാനം. ഗുണ്ടാസംഘങ്ങൾക്ക് വിവരങ്ങൾ ചോർത്തുന്ന പൊലീസുകാർ ധാരാളമുണ്ട്. റാങ്ക് പരിഗണിക്കാതെ അതിശക്ത നടപടി ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശമാണ് അട്ടിമറിക്കപ്പെട്ടത്.

ഡി.ഐ.ജിമാരും എസ്.പിമാരും പൊലീസിലെ ക്രിമിനലുകളുടെ പട്ടിക കൃത്യമായ ഇടവേളകളിൽ പൊലീസ് ആസ്ഥാനത്തേക്ക് നൽകിയിരുന്നതും നിലച്ചു.

രഹസ്യ നിരീക്ഷണം

നിറുത്തി

ക്രിമിനലുകളെ കണ്ടെത്തി നടപടിക്ക് ശുപാർശ ചെയ്യേണ്ടത് ആഭ്യന്തര വിജിലൻസ് സെല്ലുകളാണ്. ഇവ ഇപ്പോൾ നിർജ്ജീവം

പെരുമാറ്റദൂഷ്യം, മാഫിയാ ബന്ധം, സ്ത്രീകളോട് മോശം ഇടപെടൽ, പണപ്പിരിവ്, ലഹരിയിടപാട് എന്നിവ സെല്ലുകൾ രഹസ്യമായി നിരീക്ഷിക്കണം

 ശുപാർശ പൊലീസ്‌ മേധാവിയും അഡി.ഡി.ജി.പിമാരുമടങ്ങിയ സമിതി പരിശോധിച്ച് വകുപ്പുതല അന്വേഷണ ശേഷം പിരിച്ചുവിടാനുമായിരുന്നു തീരുമാനം

8 വർഷം, 108പേർ പുറത്ത്

എട്ടു വർഷത്തിനിടെ പിരിച്ചുവിട്ടത് 108 പൊലീസുകാരെ. തൃശൂരിലെ മണൽമാഫിയയ്ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ ചോർത്തി നൽകിയ ഏഴ് പൊലീസുകാരെയും പുറത്താക്കി.

828

പൊലീസിലെ ക്രിമിനൽ കേസ് പ്രതികൾ

ക്രിമിനലുകളെ പൊലീസിൽ വച്ചുപൊറുപ്പിക്കില്ല. ഘട്ടംഘട്ടമായി സേനയിൽനിന്ന് പുറത്താക്കും

-മുഖ്യമന്ത്രി പിണറായി വിജയൻ

(നിയമസഭയിൽ പറഞ്ഞത്)