തെന്മലയിൽ വീടിന്റെ സിറ്റ്ഔട്ടിൽ പുലി
Friday 08 August 2025 12:58 AM IST
പുനലൂർ: തെന്മല നാല്പതാം മൈൽ ഭാഗത്ത് വീടിന്റെ സിറ്റ്ഔട്ടിൽ എത്തിയ പുലി വളർത്തനായയെ കടിച്ചെടുത്ത് കൊണ്ടുപോയി. തെന്മലയ്ക്കടുത്ത് ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തും കഴിഞ്ഞ രാത്രിയിൽ പുലിയിറങ്ങിയാതായി നാട്ടുകാർ പറഞ്ഞു.
നാൽപതാം മൈൽ ലക്ഷംവീടിന് സമീപം ശ്രീപത്മനാഭ വിലാസം പ്രേംജിത്തിന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ രണ്ടേകാലോടെ പുലിയെത്തിയത്. സിറ്റ്ഔട്ടിലേക്ക് സാവധാനം നടന്നുകയറിയ പുലി മൂന്ന് മാസം മാത്രം പ്രായമുള്ള വളർത്തുനായയെയും കടിച്ചെടുത്ത് ഓടുകയായിരുന്നു. ദൃശ്യങ്ങൾ വീട്ടിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ പലവീടുകളിൽ നിന്നും വളർത്തുമൃഗങ്ങളെ നഷ്ടമായിട്ടുണ്ട്. ഇന്നലത്തെ സംഭവത്തോടെയാണ് വനപാലകർ ഉണർന്നത്. കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. കെണി സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.