പനവേലി ജംഗ്ഷൻ: കണ്ണ് ചിമ്മിയ നേരം ചോര ചിതറി...
കൊല്ലം: കണ്ണൊന്ന് ചിമ്മിയ നേരം കൊണ്ടാണ് കൊട്ടാരക്കരയ്ക്കും വാളകത്തിനും ഇടയിലുള്ള പനവേലി ജംഗ്ഷനിൽ ചോര പടർന്നത്. ദിവസവും ജംഗ്ഷനിൽ നിന്ന് ബസ് കയറുന്ന രണ്ട് യുവതികളാണ് ഇന്നലെ രാവിലെ ഇവിടെ പിടഞ്ഞുവീണ് മരിച്ചത്. ഏഴേകാലോടെയായിരുന്നു അപകടം.
ബസ് സ്റ്റോപ്പിൽ ശ്രീക്കുട്ടിയും സോണിയയും മിനിട്ടുകളുടെ വ്യത്യാസത്തിലാണ് എത്തിയത്. ഫുട്പാത്തിൽ നിന്ന് റോഡിലേക്കിറങ്ങി വർത്തമാനം പറയുന്നതിനിടയിലാണ് മരണവേഗത്തിലെത്തിയ മിനിലോറി ഇടിച്ചുകയറിയത്. പതിവുപോലെ ജംഗ്ഷൻ സജീവമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. തിരക്കേറിയ കവലയാണെങ്കിലും കഷ്ടിച്ച് ഇരുപത്തഞ്ച് പേരിൽ കൂടുതൽ കാണില്ല. ശ്രീക്കുട്ടിയും സോണിയയും നിന്നതിന് തൊട്ടുമുന്നിലായി ഒരു സ്ത്രീയുൾപ്പടെ മൂന്നുപേർ കൂടി ബാസ് കാത്ത് നിൽപ്പുണ്ടായിരുന്നു.
ഇവരെ തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് മിനിലോറി പാഞ്ഞുവന്നത്. ഫുട്പാത്തിന്റെ വേർതിരിവിന് കമ്പി വേലിയുള്ളതിനാൽ ഒഴിഞ്ഞുമാറാൻ പോലും ഇവർക്കായില്ല. അമിത വേഗത്തിലായിരുന്നു മിനിലോറി. അതുകൊണ്ടുതന്നെ കമ്പിവേലിയും തകർത്ത് ലോറി മുന്നോട്ട് നീങ്ങിയപ്പോൾ അതിൽ ഞെരുങ്ങിയും തെറിച്ചുവീണുമാണ് ഇരുവരും റോഡിൽ കിടന്ന് പിടഞ്ഞത്. തൊട്ടടുത്ത് ഓട്ടോ സ്റ്റാൻഡിൽ ഓട്ടം കാത്തുകിടന്ന വിജയനും എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ അവസരംകിട്ടും മുമ്പേ റോഡിലേക്ക് തെറിച്ചുവീണു. ഓട്ടോയിലേക്ക് മിനിലോറി വന്നിടിക്കുകയായിരുന്നു. കാലൊടിഞ്ഞ് തൂങ്ങുകയും ചെയ്തു.
രക്ഷാപ്രവർത്തനം 20 മിനിട്ട് വൈകി
അപ്രതീക്ഷിത അപകടത്തിൽ റോഡിൽ തെറിച്ചുവീണ ശ്രീക്കുട്ടിയും സോണിയയും വിജയനും മരണവെപ്രാളത്താൽ പിടയുമ്പോഴും രക്ഷാപ്രവർത്തനം വൈകി.
കണ്ണീർ കാഴ്ച...
ഫുട്പാത്തിനെ വേർതിരിക്കുന്ന ഇരുമ്പുവേലിയോട് ചേർത്ത് ഞെരുക്കിയും ശരീരത്തിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങിയും ശരീരങ്ങൾ ഛിന്നഭിന്നം
ചോരയിൽ കുളിച്ച് റോഡിൽ കിടന്ന് പിടയുമ്പോൾ എങ്ങിനെ രക്ഷാപ്രവർത്തനം നടത്തുമെന്നറിയാതെ കണ്ടുനിന്നവരും കുഴങ്ങി
കൈ കാണിച്ച വാഹനങ്ങളും നിറുത്തിയില്ല
ഇരുപത് മിനിട്ടിന് ശേഷമാണ് ആംബുലൻസ് എത്തിയത്
അപ്പോഴേക്കും സോണിയ മരിച്ചിരുന്നു
മറ്റ് രണ്ടുപേരെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു
നില ഗുരുതരമായതിനാൽ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങവെ മരിച്ചു
വിജയന്റെ നിലയും ഗുരുതരം