ആഗോള അയ്യപ്പ സംഗമം സെപ്തംബറിൽ പമ്പയിൽ
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരെ പങ്കെടുപ്പിച്ച് ആഗോള അയ്യപ്പ സംഗമം സെപ്തംബർ മൂന്നാം വാരം പമ്പയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായാണ് അയ്യപ്പ സംഗമം നടത്തുന്നത്. ദേവസ്വം ബോർഡ് 75 -മത് വാർഷികത്തിന്റെ കൂടി ഭാഗമായി നടത്തുന്ന സംഗമത്തിന്റെ ലക്ഷ്യം തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കുകയും, ശബരിമലയെ ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീർത്ഥാടന കേന്ദ്രമായി അവതരിപ്പിക്കുകയുമാണ് .
വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പഭക്തരെയും കൊണ്ടുവരും. 3000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 16 നും 21 നും ഇടയിലാണ് സംഗമം. തീയതി പിന്നീട് തീരുമാനിക്കും. പ്രതിനിധികൾക്ക് തലേ ദിവസമെത്തി ദർശനം നടത്തിയശേഷം സംഗമത്തിൽ പങ്കെടുക്കാം. പമ്പയിൽ ജർമ്മൻ പന്തൽ നിർമ്മിക്കും.
സംഗമത്തിൽ പങ്കെടുക്കുന്ന ഭക്തർക്ക് നിലവിലുള്ള ബുദ്ധിമുട്ടുകൾ പങ്കു വയ്ക്കാനും നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കാനും അവസരമുണ്ട്. വികസന പദ്ധതികൾ അവതരിപ്പിക്കുകയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും.
മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായും മന്ത്രിമാർ രക്ഷാധികാരികളായും, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെയും ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിക്കും. ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങളെയും ഉൾപ്പെടുത്തും. സ്റ്റിയറിംഗ് കമ്മിറ്റിയും ജനറൽ കമ്മിറ്റിയും സബ് കമ്മിറ്റികളും രൂപീകരിക്കാൻ ഇന്നത്തെ ആലോചനാ യോഗം തീരുമാനിച്ചു. പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കകം പമ്പയിൽ സ്വാഗത സംഘം ചേരും.
ആലോചന യോഗം മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിലാണ് ചേർന്നത്.