നിത്യനിഗൂഢതകളുടെ ബി നിലവറ

Friday 08 August 2025 1:26 AM IST

തിരുവനന്തപുരം: അയ്യായിരം വ‍ർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ യഥാർത്ഥത്തിൽ നിഗുഢതകളുടെ നിലവറയാണ്. ഇതിനൊപ്പമുള്ള മറ്റ് നാല് നിലവറകളും സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം തുറന്നു പരിശോധിച്ചു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന് ഏകദേശം ഒരു ലക്ഷം കോടി രൂപയോളം വിലമതിക്കുമെന്നാണ് കരുതുന്നത്. 4 നിലവറകളിലായി സൂക്ഷിച്ചിരിക്കുന്ന ഈ നിധിയിൽ സ്വർണ്ണം, രത്നങ്ങൾ, സ്വർണ്ണ പ്രതിമകൾ, സ്വർണ്ണാഭരണങ്ങൾ തുടങ്ങിയ പലതരം വിലപിടിപ്പുള്ള വസ്തുക്കളുണ്ട്. ഇതിൽ ബി നിലവറയിലെ നിധിക്ക് ഏറ്റവും കൂടുതൽ മൂല്യമുണ്ടെന്നു കരുതുന്നു. നാഗമാണിക്യം അടക്കം ഈ അറയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

ചില വിശ്വാസങ്ങളുടെ പേരിലാണ് ഈ അറ മുഖ്യമായും തുറക്കാതിരുന്നതെങ്കിലും രാജകുടുംബത്തിനും ഈ നീക്കത്തോട് താത്പര്യമുണ്ടായിരുന്നില്ല. ബി നിലവറയുടെ താക്കോൽ നഷ്ടപ്പെട്ടതിനാലാണ് തുറക്കാതിരുന്നതെന്ന മറ്റൊരു പക്ഷവുമുണ്ട്. അതല്ല, മന്ത്രാക്ഷരങ്ങൾ ഉപയോഗിച്ചുള്ള അക്ഷരപ്പൂട്ടിട്ടാണ് നിലവറ ഭദ്രമാക്കിയിട്ടുള്ളതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. 16 അടി നീളത്തിലുള്ള ശ്രീപദ്മനാഭ വിഗ്രഹത്തിന്റെ അടിയിലായിട്ടാണ് ഈ നിലവറ സ്ഥിതി ചെയ്യുന്നത്. കടുശർക്കര യോഗക്കൂട്ടു കൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. കുറഞ്ഞത് രണ്ടു തവണയെങ്കിലും ഇത് തുറന്നിട്ടുണ്ടാവാമെന്നാണ് സുപ്രീം കോടതി നിയോഗിച്ച ആഡിറ്റർ വിനോദ് റോയി സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. നിലവറകളിൽ സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കളിൽ ചിലത് അപഹരിക്കപ്പെട്ടതായി ചില ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും അതിന് സാദ്ധ്യതയില്ലെന്നാണ് ചില മുൻ ഉദ്യോഗസ്ഥ മേധാവികളുടെ പക്ഷം. നിത്യനിഗൂഢമായ ബി നിലവറയെ കേന്ദ്ര ബിന്ദുവാക്കി പ്രമുഖ ചലച്ചിത്ര സംവിധായകൻ രാജീവ് അ‌ഞ്ചൽ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഭരണസമിതിയെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ ജഡ്ജി, രാജകുടുംബാഗം, ക്ഷേത്രം തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, കേന്ദ്രസർക്കാർ പ്രതിനിധി കരമന ജയൻ,​ സംസ്ഥാന സർക്കാർ പ്രതിനിധി അഡ്വ.എ.വേലപ്പൻനായർ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.