ബാലചന്ദ്രമേനോന് ഭീഷണി: അഭിഭാഷകൻ അറസ്റ്റിൽ
Friday 08 August 2025 1:32 AM IST
കൊച്ചി: നടൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ച കേസിൽ അഭിഭാഷകനും സംവിധായകനുമായ സംഗീത് ലൂയിസിനെ (46) സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്‌തു. കേസിൽ ഒന്നാംപ്രതിയായ നടി മിനു മുനീറിനെ നേരത്തെ അറസ്റ്റുചെയ്‌തിരുന്നു.
കൊല്ലം കുണ്ടറ സ്വദേശിയായ സംഗീത് തൃശൂർ അയ്യന്തോളിലാണ് താമസം. സംഗീതും മിനു മുനീറും കഴിഞ്ഞ സെപ്‌തംബറിൽ ഭീഷണിപ്പെടുത്തിയെന്ന് ബാലചന്ദ്രമേനോൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒളിവിൽപോയ ഇയാളെ ഇന്നലെ പുലർച്ചെ അയ്യന്തോളിലെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. കാപ്പ നിയമപ്രകാരം കുണ്ടറ പൊലീസ് റൗഡിയായി പ്രഖ്യാപിച്ചയാളാണ് സംഗീത്. സിറ്റി പൊലീസ് കമ്മിഷണൽ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ ജൂവനപുടി മഹേഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.