വാക്കുതർക്കം: യുവാവിനെ കുത്തിക്കൊന്നു
Friday 08 August 2025 1:48 AM IST
തിരൂർ: പുറത്തൂർ വാടിക്കലിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കാട്ടിലപ്പള്ളി ചെറിയകത്ത് മനാഫ് - സഫറ ദമ്പതികളുടെ മകൻ തുഫൈൽ (26) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ താക്കോൽ ഊരിയതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. വയറിന്റെ വലുതുഭാഗത്താണ് കുത്തേറ്റത്. സഹോദരിയും നാട്ടുകാരും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം കാട്ടിലപ്പള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും. സഹോദരങ്ങൾ: സഫീന, അഫ്സൽ, ഫാസിൽ.