'ഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടി, കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം': വീണ്ടും ആരോപണവുമായി ഡോക്ടർ ഹാരിസ്

Friday 08 August 2025 8:33 AM IST

തിരുവനന്തപുരം: അധികൃതർക്കെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ഹാരിസ്. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നെന്നും ഓഫീസ് മുറി മ​റ്റൊരു പൂട്ടിട്ട് പൂട്ടിയതിൽ അധികൃതർക്ക് മ​റ്റെന്തോ ലക്ഷ്യമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ഗുരുതരമായ ആരോപണം. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് ആരോപണങ്ങൾ അക്കമിട്ട് നിരത്തിയത്. കൃത്രിമം കാണിച്ച് കുടുക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. ഔദ്യോഗിക രഹസ്യ രേഖകളടക്കം ഓഫീസ് മുറിയിലുണ്ട് എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്.

'ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രിൻസിപ്പൽ മുറി തുറന്ന് മെഷീനുകൾ പരിശോധിക്കുകയും ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ക്ലറിക്കൽ ജീവനക്കാർ, ബയോമെഡിക്കൽ വിഭാഗത്തിലെ ജീവനക്കാർ എന്നിവർ അവിടെപ്പോയി മുറി തുറക്കാൻ ആവശ്യപ്പെട്ടു. എല്ലാവരും അകത്തു കയറി പരിശോധിച്ചശേഷം മ​റ്റൊരു പൂട്ട് ഉപയോഗിച്ചാണ് മുറി പൂട്ടിയത്. എന്തിനാണ് ഇതു ചെയ്തതെന്ന് അന്വേഷിക്കണം. സ്​റ്റോക്ക്, അ​റ്റൻഡൻസ്, ഡെസ്പാച്ച് എന്നിവയുടെ രജിസ്​റ്ററുകൾ, എംസിഎച്ച് പരീക്ഷയുടെ പേപ്പറുകൾ, അതിന്റെ വീഡിയോ റെക്കോർഡുകൾ, മാർക്ക് ലിസ്​റ്റുകൾ, ഔദ്യോഗികമായ മ​റ്റു രഹസ്യ രേഖകൾ എന്നിവയും അവിടെ സൂക്ഷിച്ചിരുന്നു. അന്വേഷണത്തിന്റെയും സ്​റ്റോക്ക് പരിശോധനയുടെയും ഓഡി​റ്റിങ്ങിന്റെയും സമയത്തു വ്യക്തിപരമായ ആക്രമണമാണു നടത്തുന്നത്'- കുറിപ്പിൽ പറയുന്നു.

അതിനിടെ, ഹാരിസിന്റെ മുറിതുറന്ന് പരിശോധിച്ചതായി പ്രിൻസിപ്പൽ സമ്മതിച്ചായി റിപ്പോർട്ടുണ്ട്. ചില ഉപകരണങ്ങൾ മുറിയിൽ കണ്ടെത്തിയെന്നും ഇത് കാണാതായ ഉപകരണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷയെക്കരുതിയാണ് പുതിയ പൂട്ടിട്ട് പൂട്ടിയതെന്നും പ്രിൻസിപ്പൽ പറഞ്ഞതായാണ് ഒരു വാർത്താചാനൽ റിപ്പോർട്ടുചെയ്തത്.