'നെറികെട്ട കളിക്ക് ബാബുരാജ് കൂട്ടുനിൽക്കില്ല, ആർക്കൊക്കെയോ വേണ്ടി കാശും മേടിച്ച് പണിയെടുക്കുന്നു'- മാലാ പാർവതിക്കെതിരെ പൊന്നമ്മ ബാബു

Friday 08 August 2025 9:03 AM IST

കൊച്ചി: ശ്വേതാ മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് ബാബുരാജിനെതിരെ മാല പാർവതി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി പൊന്നമ്മ ബാബു. കേസിനുപിന്നിൽ ബാബുരാജല്ലെന്നും നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല അദ്ദേഹമെന്നുമാണ് പൊന്നമ്മ ബാബു ഒരു വാർത്താ ചാനലിനോട് പറഞ്ഞത്.

'ഇത്രയും നെറികെട്ട കളിക്ക് ബാബുരാജ് കൂട്ട് നിൽക്കില്ല എന്നാണ് എന്റെ വിശ്വാസം. ഞാൻ മനസിലാക്കിയ ഒരാൾ എന്ന നിലയിൽ ബാബുവിനെക്കുറിച്ച് എനിക്ക് അതേ പറയാനുള്ളൂ. ബാബുവിനെപ്പറ്റി വല്ലതും പറഞ്ഞാൽ നമ്മൾ ബാബു രാജിന്റെ സൈഡാണ് എന്നല്ലേ പറയുന്നേ?. അങ്ങനെയൊന്നുമില്ല. എവിടെ എന്ത് തെ​റ്റ് കണ്ടാലും നമ്മൾ സംസാരിക്കും. എനിക്ക് അമ്മ സംഘടന എന്നുപറയുന്നത് എന്റെ കുടുംബം പോലെയാണ്. മാലാ പാർവതി മീഡിയ അ​റ്റൻഷൻ കിട്ടാൻ വേണ്ടിയിട്ട് ചെയ്യുന്നതാണ്. അവർ കളത്തിലേ ഇല്ലാത്ത സ്ത്രീയാണ്. ആർക്കൊക്കെയോ വേണ്ടി കാശും മേടിച്ച് പണിയെടുക്കുന്നു.

മാലാ പാർവതിക്ക് വേണ്ടി ഇരിക്കുന്നവരല്ല ഞങ്ങൾ. അമ്മ സംഘടനയ്ക്ക് വേണ്ടി ഇരിക്കുന്നവരാണ്. അവർ പറയുന്നു ഇത് ഇലക്ഷൻ പ്രചാരണത്തിന്റെ തന്ത്രമാണെന്ന്. ഇവർക്ക് എങ്ങനെയാണ് ഇതൊക്കെ പിടുത്തം കിട്ടുന്നത്. അതെനിക്ക് മനസിലാവുന്നില്ല. അറിയാമെങ്കിൽ കേസ് കൊടുക്കട്ടെ. അതല്ലേ ചെയ്യേണ്ടത്. വെറുതെ മീഡിയയിൽ ഉറങ്ങി അമ്മയേയും നാ​റ്റിച്ച്. ഞങ്ങളുടെ സഹോദരിമാരെയും നാ​റ്റിച്ച് ഇവരെന്തിനാ എല്ലാ ചാനലും കയറി ഇറങ്ങി നടക്കുന്നെ?.ശ്വേത മേനോന് എതിരായ കേസ് ഗൂഢാലോചന ആണെന്ന് എനിക്ക് പറയാൻ പ​റ്റില്ല. എനിക്ക് തോന്നുന്നില്ല ഇങ്ങനെ ഏഴാം കൂലികളെ പോലെ ബാബുരാജ് പെരുമാറുമെന്ന്. നമ്മളെ സംബന്ധിച്ച് ബാബുരാജ് അമ്മയ്ക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തു. ആര് നല്ല കാര്യം ചെയ്താലും നമ്മൾ മെൻഷൻ ചെയ്യില്ലേ? - പൊന്നമ്മ ബാബു പറഞ്ഞു.

ഇന്നലെയാണ് ബാബുരാജിനെതിരെ മാലാ പാർവതി രംഗത്തെത്തിയത്. അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശ്വേതാ മേനോനും കുക്കു പരമേശ്വരനുമെതിരായ ആരോപണങ്ങൾക്ക് പിന്നിൽ നടൻ ബാബുരാജാണെന്ന് സംശയമുണ്ടെന്നാണ് മാലാ പാർവ്വതി പറഞ്ഞത്. ബാബുരാജ് അമ്മയുടെ മത്സരരംഗത്ത് നിന്ന് പിൻമാറിയതിനുശേഷമാണ് ആരോപണങ്ങൾ ഉയർന്നുവരുന്നതെന്നും അവർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'എനിക്കുനേരെയും ഭീഷണിയുണ്ട്. മോഹൻലാൽ മത്സരരംഗത്തില്ലെന്ന് ഉറപ്പായതോടെ അധികാരം ഉറപ്പിക്കാനാണ് ചിലർ ഇക്കാര്യങ്ങൾ ചെയ്തത്. വലിയ ആസ്തിയുളള സംഘടനയാണ് അമ്മ. അതിന്റെ സുഖം അറിഞ്ഞുപോയവരാണ് ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾക്ക് പിന്നിലുളളത്. അവർക്ക് അമ്മയെ വിട്ടുകൊടുക്കാൻ മടിയാണെന്നാണ് ഞാൻ മനസിലാക്കുന്നത്. കേസിന് പിന്നിൽ ഗൂഢതന്ത്രം ഉണ്ട്.

ഹേമാ കമ്മി​റ്റിയിൽ നശിച്ചുപോയ അമ്മയെ താങ്ങിനിർത്തിയത് ബാബുരാജാണെന്നാണ് ചിലരുടെ പ്രസ്താവനകൾ. ശ്വേത അഭിനയിച്ച പാലേരിമാണിക്യത്തിന് അവാർഡ് വരെ കിട്ടിയതാണ്. കുക്കുവിനെതിരെ പോക്‌സോ കേസാണ് ചുമത്തിയിരിക്കുന്നത്. എങ്ങനെ ഈ നാട്ടിൽ അഭിനയിക്കും? ശ്വേത കടുത്ത മാനസിക വിഷമത്തിലാണ്. അവരോടൊപ്പം കുടുംബവും ഞങ്ങളുമുണ്ട്. ഇത്രയും നാൾ അമ്മയ്ക്കുവേണ്ടി പ്രവർത്തിച്ചവരെ ഒന്നുമല്ലാതെയാക്കുന്ന കാര്യങ്ങളാണ് അടുത്തിടെ നടന്നത്. മിക്കയാളുകൾക്കും ബാബുരാജിനെ ഭയമാണ്. ബാബുരാജിനെതിരെ ഒന്നും പറയരുതെന്ന് പ്രമുഖരായ പലരും എന്നെ ഉപദേശിച്ചിരുന്നു. എന്നെ വ്യക്തിഹത്യ ചെയ്യുമെന്നാണ് അവർ പറഞ്ഞത്. എനിക്ക് ഭയക്കേണ്ട ആവശ്യമില്ല'- എന്നാണ് മാലാ പാർവ്വതി പറഞ്ഞത്.