മുലപ്പാൽ ഐസ്ക്രീം വിപണിയിൽ, ചേരുവയിലുണ്ട് വമ്പൻ സസ്‌പെൻസ്
വാഷിംഗ്‌ടൺ: മുലപ്പാൽ ഐസ്ക്രീം വിപണിയിൽ. അമേരിക്കയിലെ ഒരു പ്രധാന പേരന്റ് പ്രൊഡക്ട് കമ്പനിയും പ്രമുഖ ഐസ്ക്രീം ബ്രാൻഡും സഹകരിച്ചാണ് മുലപ്പാൽ ഐസ്ക്രീം വിപണിയിലെത്തിക്കുന്നത്. മുലപ്പാൽ ഐസ്ക്രീം എന്നെഴുതിയ ഒരു കൂറ്റൻ ടാങ്കർ ലോറി റോഡിലൂടെ പോകുന്ന ചിത്രം വൈറലായതിന് പിന്നാലെയാണ് മുലപ്പാൽ ഐസ്ക്രീമിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
പേരിൽ മുലപ്പാൽ ഉണ്ടെങ്കിലും ഐസ്ക്രീമിൽ യഥാർത്ഥ മുലപ്പാൽ ഒരുതുള്ളിപോലും ഇല്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പക്ഷേ, മധുരവും അല്പം ഉപ്പും കലർന്ന മുലപ്പാലിന്റെ അതേ രുചിതന്നെയാണ് ഐസ്ക്രീമിനും. പാൽ, ഹെവി ക്രീം, പൗഡർ, പഞ്ചസാര, ഡെക്‌സ്‌ട്രോസ്, മുട്ടയുടെ മഞ്ഞക്കരു, ഉപ്പിട്ട കാരമൽ ഫ്ലേവറിംഗ്, തേൻ സിറപ്പ് തുടങ്ങിയവയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. കളർ ഉൾപ്പെടെ നിയമവിധേയമായത് മാത്രമേ ഐസ്ക്രീമിൽ ചേർത്തിട്ടുള്ളൂ. അതിനാൽത്തന്നെ ഉപഭോക്താക്കൾക്ക് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവില്ല. ഓൺലൈൻ വഴിയാണ് ഐസ്ക്രീമിന്റെ പ്രധാന വിൽപ്പന. അധികം വൈകാതെതന്നെ കടകളിലും ഇതുലഭിക്കും. എന്നാൽ ഇതിന്റെ വിലയെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല.
അടുത്തിടെ മുലപ്പാൽ വിറ്റ് പണം സമ്പാദിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഒരു വൻ ബിസിനസ് എന്ന നിലയിലേക്ക് ഇത് വളർന്നിരിക്കുന്നു എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുലപ്പാൽ വിറ്റ് മാസം 87,000 രൂപവരെ സമ്പാദിക്കുന്നവരും ഉണ്ട്. സ്വന്തം കുഞ്ഞിന് ഓരോതവണ മുലയൂട്ടിയശേഷവും അധികംവരുന്ന പാൽ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരിച്ച് പ്രത്യേക ബാഗുകളിൽ സൂക്ഷിച്ചാണ് വിൽപ്പന.