പുറത്തുപോവുമ്പോൾ പവർബാങ്ക് ചാർജ്ജ് ചെയ്യാൻ വച്ചു, പിന്നാലെ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു

Friday 08 August 2025 11:18 AM IST

തിരൂർ: പവർബാങ്ക് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും കത്തി നശിച്ചു. തിരൂർ തെക്കൻ കുറ്റൂർ മുക്കിലപ്പീടിക അത്തം പറമ്പിൽ അബൂബക്കർ സിദ്ധിഖിന്റെ ഓലമേഞ്ഞ വീടാണ് കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ കത്തിനശിച്ചത്.

അപകട സമയത്ത് വീട്ടുകാർ സ്ഥലത്ത് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളും നാട്ടുകാരും അടുത്തുളള കിണറുകളിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. തിരൂർ ഫയർ സ്റ്റേഷനിൽ നിന്നും ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും തീ അണച്ചിരുന്നു.

വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചു. പുറത്തുപോവുമ്പോൾ പവർബാങ്ക് ചാർജ്ജ് ചെയ്യാൻ വച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. ഒരു പൊട്ടിത്തെറി ശബ്ദമാണ് ആദ്യം കേട്ടതെന്ന് അയൽക്കാർ പറഞ്ഞു. ഓട്ടോ തൊഴിലാളിയായ സിദ്ധിഖും കുടുംബവുംആറ് വർഷം മുൻപാണ് ഓലമേഞ്ഞ വീട് നിർമ്മിച്ചു മാറിയത്. പുതിയ വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.