ഒന്നിച്ച് താമസം, മൂന്ന് മക്കൾക്ക് ജന്മം നൽകി; ഭാര്യയോട് ഒരക്ഷരം പോലും സംസാരിക്കാതെ ഈ മനുഷ്യൻ ജീവിച്ചത് 20 കൊല്ലം

Friday 08 August 2025 11:27 AM IST

ഒരാൾക്ക് എത്ര ദിവസം തന്റെ പങ്കാളിയോട് സംസാരിക്കാതിരിക്കാൻ കഴിയും? ഒരു ദിവസം അല്ലെങ്കിൽ രണ്ട് ദിവസം അതിലും കൂടിയാൽ പത്ത് ദിവസം. എന്നാൽ 20 വർഷം വരെ ഭാര്യയോടെ ഒരക്ഷരം പോലും സംസാരിക്കാതെ ജീവിച്ച ഒരു ജപ്പാൻകാരന്റെ ജീവിതമാണ് സോഷ്യൽ മീഡിയയെ ഞെട്ടിപ്പിച്ചിരിക്കുന്നത്. ജപ്പാനിലെ നാരയിൽ നിന്നുളള ഒട്ടോ കതയാമ എന്ന മനുഷ്യൻ തന്റെ ഭാര്യയായ യുമിയോട് 20 വർഷം സംസാരിച്ചിരുന്നില്ല.

ഇരുവരും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇക്കാലയളവിൽ തന്നെ ഒട്ടോ കതയാമ മൂന്ന് കുട്ടികളുടെ പിതാവുമായി. ചെറിയ ആംഗ്യങ്ങളിലൂടെയും തലയാട്ടലിലൂടെയുമാണ് ഒട്ടോ ഭാര്യയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. യുമി പലതവണ ഇയാളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനുളള കാരണവും ഒട്ടോ വെളിപ്പെടുത്തിയിട്ടുണ്ട്.

ഭാര്യ തന്നെ ഒ​റ്റപ്പെടുത്തിയതുകൊണ്ടാണ് സംസാരിക്കാത്തതെന്നായിരുന്നു അയാളുടെ മറുപടി. യുമി എല്ലാ ശ്രദ്ധയും മക്കൾക്കാണ് നൽകിയിരുന്നത്. ആദ്യം തനിക്ക് അത് അസ്വസ്ഥമായി തോന്നി. പിന്നീടത് അസൂയയായി. ഒരുപാട് സങ്കടമുണ്ടായി. ഇതോടെയാണ് ഭാര്യയോട് ഇനി സംസാരിക്കണ്ടെന്ന തീരുമാനത്തിലെത്തിയതെന്ന് അയാൾ പറയുന്നു. ഭാര്യയോട് സംസാരിക്കാതിരുന്നപ്പോൾ ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും പിന്നീട് ശീലമായി മാറിയെന്നും ഒട്ടോ പറയുന്നു.

തന്റെയും ഭാര്യയുടെയും ഈ പെരുമാ​റ്റം കണ്ടാണ് മക്കൾ വളർന്നത്. അവർ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഒട്ടോ പറഞ്ഞു. മക്കൾ ടിവി ഹോക്കൈഡോ എന്ന ജാപ്പനീസ് ടെലിവിഷൻ ഷോയുമായി ബന്ധപ്പെടുകയായിരുന്നു. ദമ്പതികൾക്കായി അവർ ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയൊരുക്കി. വർഷങ്ങൾക്കു മുൻപ് ഒട്ടോയും യുമിയും ഡേ​റ്റിംഗ് ആരംഭിച്ച സ്ഥലത്തുവച്ചായിരുന്നു കൂടിക്കാഴ്ച്ച.

ആദ്യം ഒട്ടോയ്ക്ക് യുമിയോട് സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ കുറച്ചുസമയത്തിനുളളിൽ കൊണ്ട് അയാൾ ഭാര്യയോട് സംസാരിച്ചു. 20 വർഷം ഒരക്ഷരം പോലും സംസാരിച്ചില്ലെങ്കിൽ പോലും തന്നെ നന്നായാണ് ഒട്ടോ സംരക്ഷിച്ചതെന്നും യുമി പറഞ്ഞു. ദമ്പതികളുടെ ഈ അവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ജപ്പാനിലെ പല ദമ്പതികളും ഈ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഒട്ടുമിക്കവരുടെയും പ്രതികരണം.