കുട്ടിയച്ചന്റെ പെട്ടിക്കടയിലെത്തിയാൽ സ്പെഷ്യൽ ഐറ്റം ആവോളം ലഭിക്കും, വിറ്റുപോകുന്നത് 100 കിലോയിലധികം

Friday 08 August 2025 1:16 PM IST

തൊടുപുഴ: വണ്ണപ്പുറം- ചേലച്ചുവട് റൂട്ടിൽ പോകുമ്പോൾ വെൺമണിയിലെത്തിയാൽ കുട്ടിയച്ചന്റെ പെട്ടിക്കട കാണാം. ഇവിടെയെത്തിയാൽ വനമേഖലകളിൽ മാത്രം സുലഭമായ മൂട്ടിപ്പഴം ഇഷ്ടം പോലെ കിട്ടും. നാട്ടുകാർ സ്നേഹത്തോടെ കുട്ടിച്ചേട്ടനെന്ന് വിളിക്കുന്ന 75കാരനായ വെൺമണി നരിക്കാട്ട് ജോസഫ് ഔസേപ്പിന് ആദിവാസികളാണ് ഇടുക്കി വനത്തിൽ നിന്ന് ശേഖരിക്കുന്ന മൂട്ടിപ്പഴം എത്തിച്ചു നൽകുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി കുട്ടിച്ചേട്ടൻ കച്ചവടം ആരംഭിച്ചിട്ട്. ഇടുക്കിയിലേക്കുള്ള പ്രധാന പാതകളിലൊന്നായതിനാൽ വിവിധ ആവശ്യങ്ങൾക്കായി എറണാകുളം മേഖലയിൽ നിന്ന് എത്തുന്നവർ ധാരാളമായി പഴം വാങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം 100 കിലോയിലധികം വിറ്റുപോയിരുന്നു. ഇടയ്ക്ക് കാലവർഷം ശക്തമാകുന്നത് കച്ചവടത്തെ ബാധിക്കാറുണ്ടെങ്കിലും ഇത്തവണയും മോശമല്ലാത്ത കച്ചവടമുണ്ടെന്ന് കുട്ടിയച്ചൻ പറയുന്നു. മൂട്ടി പഴത്തിന്റെ തൊണ്ട് അച്ചാറിടാൻ നല്ലതാണ്. ഒഴിവ് സമയങ്ങളിൽ ഭാര്യ സിസിലി മകൻ ജോജോ മരുകൾ ബിജി എന്നിവർക്ക് പുറമേ കൊച്ചുമക്കളായ ജ്യോതിഷും ജോബിനയും അപ്പൂപ്പനെ സഹായിക്കാനെത്തും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള സമയത്ത് കടയിലെത്തിയാൽ കിലോയ്ക്ക് 100 രൂപയ്ക്ക് പഴം വാങ്ങാം.

'മുമ്പ് ധാരാളം പറിച്ച് കഴിച്ചിരുന്ന പഴമാണ്. എന്നാൽ ഇത്രയും ആവശ്യക്കാരുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഇപ്പോൾ നാട്ടിൻ പുറങ്ങളിലും ഉണ്ടെങ്കിലും നല്ല പഴം കിട്ടാൻ ബുദ്ധിമുട്ടാണ് " - കുട്ടിയച്ചൻ