'വിനായകനെ  സർക്കാർ  പിടിച്ചുകെട്ടി   ചികിത്സിക്കണം, നടപടിയെടുത്തില്ലെങ്കിൽ പൊതുജനം തെരുവിൽ കൈകാര്യം  ചെയ്യും'

Friday 08 August 2025 2:45 PM IST

കൊച്ചി: ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിനെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും അധിക്ഷേപിച്ച നടൻ വിനായകനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകനെ സർക്കാർ പിടിച്ചുകെട്ടി ചികിത്സിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ലഹരി വ്യാപനത്തിനെതിരെ നാളെ നടക്കാനിരിക്കുന്ന വാക്കത്തോണിന്റെ പത്രസമ്മേളനത്തിലാണ് ഷിയാസ് ആവശ്യം മുന്നോട്ടുവച്ചത്.

സ്ത്രീകൾക്കും ദളിത് സമൂഹത്തിനുമെതിരെ സിനിമ കോൺക്ളേവിൽ അടൂർ നടത്തിയ വിവാദ പരാമർശങ്ങൾക്ക് മറുപടിയായിട്ട് വിനായകൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. പിന്നീട് വിനായകൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഷിയാസിന്റെ പ്രതികരണം.

വിനായകനെ സർക്കാർ പിടിച്ചുകെട്ടി ചികിത്സിക്കണമെന്നും ഇയാൾ പൊതു ശല്യക്കാരനാണെന്നും കലാകാരന്മാർക്ക് അപമാനമായി മാറുകയാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ പൊതുജനങ്ങൾ താരത്തെ തെരുവിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. റാപ്പർ വേടൻ ലഹരിക്കേസിൽ ഉൾപ്പെട്ടപ്പോൾ തെറ്റ് ഏറ്റു പറഞ്ഞിരുന്നു. സിനിമ രംഗത്ത് ഇത്തരം തെറ്റുകൾ ഏറ്റുപറയുന്നവരുമുണ്ടെന്നും ഷിയാസ് പറഞ്ഞു.

പ്രമുഖ വ്യക്തികളെ ലക്ഷ്യമിട്ട് അപമാനിക്കുന്ന പതിവ് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതാവ് എൻഎസ് നുസൂർ വിനായകനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. താരത്തിന്റെ മാനസിക നില ഉൾപ്പെടെയുള്ളവ വിലയിരുത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.