"അച്ഛന് കഠിനമായ ശിക്ഷയൊന്നും കൊടുക്കല്ലേ, വാണിംഗ് മതിയെന്നാണ് കുട്ടി പറയുന്നത്"; നാലാം ക്ലാസുകാരിയുടെ സംരക്ഷണ ചുമതല മുത്തശ്ശിക്ക്
ആലപ്പുഴ: നാലാം ക്ലാസുകാരിയെ അച്ഛനും രണ്ടാനമ്മയും മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ശിശുക്ഷേമ ഓഫീസറോടും നൂറനാട് എസ് എച്ച് ഒയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. കുട്ടിയെ വളർത്താനുള്ള ചുമതല മുത്തശ്ശിക്ക് നൽകിയതായി ശിശുക്ഷേമ സമിതി ചെയർപേഴ്സൺ അഡ്വ. ജി വസന്തകുമാരി അമ്മ അറിയിച്ചു.
ഇത്രയും ഉപദ്രവിച്ചിട്ടും അച്ഛന് കഠിനമായ ശിക്ഷ നൽകരുതെന്നാണ് കുട്ടി ആവശ്യപ്പെട്ടതെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ പ്രതികരിച്ചു. 'കുട്ടിയെ ഞങ്ങൾ പോയി കണ്ടു. നിലവിൽ സുരക്ഷിതയാണ്. അച്ഛനങ്ങനെ ചെയ്തല്ലോ എന്ന വിഷമം കുട്ടിയ്ക്കുണ്ട്. എന്നാലും അച്ഛന് കഠിനമായ ശിക്ഷയൊന്നും കൊടുക്കല്ലേ, ഒരു വാണിംഗ് മതിയെന്നാണ് അവൾ പറഞ്ഞത്. സ്‌കൂളിന് അഭിമാനമായ കുട്ടിയാണെന്നാണ് ടീച്ചർമാരൊക്കെ പറഞ്ഞത്. സിഡബ്ല്യൂസിയുടെ സ്ഥാപനത്തിലേക്ക് മാറാൻ കുട്ടിയ്ക്ക് വിഷമമുണ്ട്. കുട്ടി ജനിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോഴാണ് അമ്മ മരിച്ചത്. അന്നുതൊട്ട് അച്ഛന്റെ അമ്മയാണ് കുഞ്ഞിനെ സംരക്ഷിച്ചത്. അമ്മൂമ്മയുടെ കൂടെ മാത്രം കഴിഞ്ഞാൽ മതിയെന്നാണ് പറയുന്നത്.'-അഡ്വ. ജി വസന്തകുമാരി അമ്മ പറഞ്ഞു.
ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ബുധനാഴ്ച സ്‌കൂളിലെത്തിയപ്പോഴാണ് മുഖത്തുൾപ്പടെ മർദ്ദനമേറ്റ പാടുകൾ അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. അച്ഛനിൽ നിന്നും രണ്ടാനമ്മയിൽ നിന്നും താൻ അനുഭവിക്കുന്ന ദുരിതം കുട്ടി അദ്ധ്യാപകരോട് തുറന്നു പറഞ്ഞു. ഇതോടെ സ്‌കൂൾ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസാർ, ഇയാളുടെ രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് കുട്ടിയെ ഉപദ്രവിച്ചത്. ഇരുവരും ഒളിവിലാണ്.