കൊഹ്‌ലി ഏകദിനത്തിൽ നിന്നും ഉടനെ വിരമിക്കുമോ? പുതിയ ചിത്രം കണ്ട് ഞെട്ടലിൽ ആരാധകർ

Friday 08 August 2025 3:48 PM IST

ലണ്ടൻ: ഒരു വ‌ർഷം മുൻപ് ചാമ്പ്യൻസ് ട്രോഫി ഇന്ത്യ നേടിയതിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കൊഹ്‌ലി ട്വന്റി20 ഫോർമാറ്റിൽ നിന്നും വിരമിച്ചത്. ഈ വർഷം മേയ് 12ന് കൊഹ്‌ലി ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ ഏകദിനത്തിൽ മാത്രമേ താരം ഇനി കളിക്കൂ. എന്നാൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പുറത്തുവന്നതോടെ ആരാധകർ വലിയ ആശങ്കയിലായിരിക്കുകയാണ്. ഏകദിന ക്രിക്കറ്റും കൊഹ്‌ലി ഉടൻ മതിയാക്കുമോ എന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്.

ഇംഗ്ളണ്ടിൽ ഒരാളോടൊപ്പം നിൽക്കുന്ന ചിത്രത്തിൽ കൊഹ്‌ലി മറ്റൊരു ലുക്കിലാണ് കാണപ്പെടുന്നത്. നിറയെ നരകയറിയ താടിയുമായാണ് കൊഹ്‌ലിയെ കാണുന്നത്. മേയ് മാസത്തിൽ ടെസ്‌റ്റിൽ നിന്ന് വിരമിച്ച ശേഷം കൊഹ്‌ലി പറഞ്ഞത് 'നാല് ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കേണ്ടി വരുമ്പോൾ നിങ്ങൾക്ക് മനസിലാകും സമയമായി എന്ന്' എന്നാണ്. ഒക്‌ടോബർ മാസത്തിൽ മാത്രമാണ് ഇനി ഇന്ത്യയ്‌ക്ക് ഏകദിന മത്സരങ്ങളുള്ളത്. ഒക്‌ടോബർ 19ന് ഓസ്ട്രേലിയയുമായി പെർത്തിലാണ് ആദ്യ മത്സരം. ഇതേ പരമ്പരയിൽ ഒക്‌ടോബർ 23ന് അ‌‌ഡലെയ്‌ഡിലും 25ന് സിഡ്‌നിയിലും മത്സരങ്ങളുണ്ട്.

നിലവിൽ 736 പോയിന്റുമായി ഏകദിന ബാറ്റർമാരിൽ നാലാം സ്ഥാനക്കാരനാണ് കൊഹ്‌ലി. 302 ഏകദിനങ്ങളിൽ 57.88 ശരാശരിയിൽ 14181 റൺസ് നേടിക്കവിഞ്ഞു കൊഹ്‌ലി. 51 സെഞ്ച്വറികളും 74 അർദ്ധ സെഞ്ച്വറികളും ഇതിലുണ്ട്. ഏകദിന റാങ്കിംഗിൽ നായകൻ രോഹിത്ത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ ടെസ്‌റ്റ് ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ 784 പോയിന്റുകളുമായി ഒന്നാം റാങ്കിലുണ്ട്.