തിരുവനന്തപുരത്ത് കെണിയിൽ വീണ പുള്ളിപ്പുലി രക്ഷപ്പെട്ടു, പിന്നാലെ മയക്കുവെടി വെച്ച് പിടികൂടി
തിരുവനന്തപുരം: കെണിയിൽ നിന്നും രക്ഷപ്പെട്ട പുലിയെ മയക്കുവെടി വച്ച് പിടികൂടി വനംവകുപ്പ്. തിരുവനന്തപുരം അമ്പൂരി ചാക്കപ്പാറ കള്ളിമൂടിലാണ് സംഭവം. ഇന്ന് രാവിലെയാണ് പന്നിയെ പിടികൂടാനായി വിരിച്ച വലയിൽ പുലി കുടുങ്ങിയത്. കാരിക്കുഴി സെറ്റിൽമെന്റിലെ പന്നിക്കെണിയിൽ പുലി കുടുങ്ങിയ വിവരമറിഞ്ഞ് സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി.
പരിശോധനയ്‌ക്കൊടുവിൽ പുലിയെ മയക്കുവെടി വയ്‌ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെ വലയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ആദ്യ റൗണ്ട് മയക്കുവെടി വച്ചതിനുപിന്നാലെ സ്ഥലംഉടമയായ സുരേഷിനെ പുലി ആക്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമത് മയക്കുവെടി വച്ചതും വലപൊട്ടിച്ച് പുലി പുറത്തേക്ക് രക്ഷപ്പെട്ടു. അഗസ്‌ത്യാർകൂടം താഴ്‌വരയുടെ സമീപത്ത് വിനോദസഞ്ചാരികൾ വരുന്ന ഭാഗത്തേക്കാണ് പുലി പോയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പുലിയെ ഇവിടെനിന്നും കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടി.