കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ ഐസിയു പീഡനക്കേസിൽ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. അറ്റൻഡർ എം എം ശശീന്ദ്രനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലാണ് ഉത്തരവിറക്കിയത്. ഇയാളെ പിരിച്ചുവിടാനുള്ള തീരുമാനത്തിനായി മെഡിക്കൽ കോളേജ് ഭരണ നിർവഹണ വിഭാഗം ശുപാർശ നൽകിയിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് പീഡനക്കേസിലെ അതിജീവിത മാദ്ധ്യമങ്ങളോട് പറഞ്ഞു. പോരാട്ടം വിജയം കണ്ടെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് പോരാട്ടത്തിന് ഇറങ്ങിയതെന്നും പിരിച്ചു വിടാനുള്ള നടപടികൾ പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചെന്നും യുവതി വ്യക്തമാക്കി.
2023 ഏപ്രിലിലാണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിൽ എം എം ശശീന്ദ്രൻ പീഡിപ്പിച്ചത്. ഇതേത്തുടർന്ന് ഇയാളെ അറസ്റ്റുചെയ്തിരുന്നു. പ്രതിയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കൂടാതെ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിരുന്നു.